
ബെംഗ്ളുറു: മുതിര്‍ന്ന ബിജെപി (BJP) നേതാവും കര്‍ണാടക (Karnataka) മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ (BS Yediyurappa) കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ (Bajrang Dal) പ്രവര്‍ത്തകന്‍ ഹര്‍ഷ ജിംഗഡെ (26) യുടെ കുടുംബത്തിന് സംസ്ഥാന സര്‍കാരിന്റെ 25 ലക്ഷം രൂപയുടെ ചെക് കൈമാറി. ഫെബ്രുവരി 20ന് ബെംഗ്ളൂറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ശിവമൊഗ്ഗയില്‍ വെച്ചാണ് യുവാവ് കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഈ പ്രദേശത്തെ ജനങ്ങളുമായി ഹര്‍ഷയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഇവിടെ കുഴപ്പങ്ങള്‍ക്കോ കലഹങ്ങള്‍ക്കോ ഇടം നല്‍കാതെ ഹിന്ദു നേതാവായി വളരുകയായിരുന്നു. ഇത് ദഹിക്കാത്ത ചില അധമര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത് അത്യന്തം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഈ വേദനയെ നേരിടാനുള്ള ശക്തി ഹര്‍ഷയുടെ കുടുംബത്തിന് ലഭിക്കട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു’, ശിവമോഗയിലെ സീഗെഹട്ടിയില്‍ യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം യെദ്യൂരപ്പ പറഞ്ഞു.
‘സര്‍കാരിന് വേണ്ടി ഞാന്‍ അവര്‍ക്ക് 25 ലക്ഷം രൂപയുടെ ചെക് നല്‍കിയിട്ടുണ്ട്. പണമല്ല പ്രധാനം, എന്നാല്‍ ഹര്‍ഷയുടെ കുടുംബത്തിന് നഷ്ടത്തിന്റെ വേദനയില്‍ നിന്ന് കരകയറാനുള്ള ശക്തി നല്‍കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെഎസ് ഈശ്വരപ്പ, ശിവമോഗ എംപി ബി വൈ രാഘവേന്ദ്ര, മറ്റ് ബിജെപി നേതാക്കള്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഹര്‍ഷയുടെ കൊലപാതകത്തെത്തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം തടയാന്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഹര്‍ഷയെ മുസ്ലീം വിരുദ്ധരാണ് കൊലപ്പെടുത്തിയതെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആര്‍ഡിപിആര്‍) മന്ത്രി ഈശ്വരപ്പ ആരോപിച്ചു. അതേ ദിവസം, ഈശ്വരപ്പയും രാഘവേന്ദ്രയും ഹര്‍ഷയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം കലാപം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹര്‍ഷയ്‌ക്കെതിരെ കുറഞ്ഞത് മൂന്ന് കേസുകളെങ്കിലും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. യുവാവിന്റെ കൊലപാതകത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന സംഘര്‍ഷം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.