ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 21-കാരിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി.ബെംഗളൂരു കഗ്ഗാലിപുര പൊലിസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൗഡനപാളയ സ്വദേശിനിയായ സിഞ്ചനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് രേണുകയ്യയെ പൊലിസ് തിരയുകയാണ്.സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിടുകയും തുടർന്ന് വീടിന് മുന്നിലിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സിഞ്ചന സംഭവസ്ഥലത്തുതന്നെ മരിച്ചു.സിഞ്ചനയുടെ സ്വഭാവശുദ്ധിയെ രേണുകയ്യ നിരന്തരം സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ കലഹം പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.കൊലപാതകത്തിന് ശേഷം പ്രതി ഉടൻതന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.തുടർനടപടികള്‍:വിവരമറിഞ്ഞ കഗ്ഗാലിപുര പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കിയതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലിസ് അറിയിച്ചു.