ലക്നൗ: ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഗജ്റൗള പ്രദേശത്താണ് സംഭവം. അച്ഛനും അമ്മയും കുഞ്ഞും ഒരേ കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. ശനിയാഴ്ച രാവിലെ കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തി. ഭാര്യ കാജൽ ദേവി മനപൂർവ്വം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിശാൽ കുമാർ ആരോപിച്ചു. എന്നാൽ കാജൽ ദേവി ആരോപണങ്ങൾ നിഷേധിച്ചു. അപകടമാണെന്ന് ഇവർ പറയുന്നു. ‘എപ്പോഴാണ്, എത്ര സമയമാണ് കുഞ്ഞിന് മേൽ കയറിക്കിടന്നതെന്നോ എപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചത് എന്നോ എനിക്കറിയില്ല.’ കാജൽ ദേവി പറഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുഞ്ഞ് മരിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ”എട്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മൂന്ന് ആൺമക്കളുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്. ഒരേ കിടക്കയിൽ മാതാപിതാക്കൾക്ക് നടുവിലാണ് കുട്ടി കിടന്നുറങ്ങിയിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അമ്മക്കെതിരെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിലാണ്. പിതാവ് ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കേസെടുക്കും.” എസ് എച്ച് ഒ അരിഹന്ദ് സിദ്ധാർത്ഥ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അവതാർ: ദി വേ ഓഫ് വാട്ടർ കാണ്ടുകൊണ്ടിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു
ഹൈദരാബാദ്: ജെയിംസ് കാമറൂണിന്‍റെ അവതാർ സിനിമയുടെ രണ്ടാം ഭാഗം അവതാർ: ദി വേ ഓഫ് വാട്ടർ, വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലോകത്തെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുമ്പോള്‍ ഒരു സങ്കടകരമായ വാർത്തയും വരുന്നുണ്ട്. ഈ ബ്രഹ്മാണ്ട ചിത്രം തിയേറ്ററുകളിൽ കാണുന്നതിനിടെ ആന്ധ്രാപ്രദേശിൽ ഒരാൾ മരിച്ചു.
വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് തന്റെ ഇളയ സഹോദരനോടൊപ്പം ജെയിംസ് കാമറൂൺ ചിത്രം കാണുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.
ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, മരിച്ച ലക്ഷ്മിറെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. അവതാർ 2 കാണാൻ പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററിലാണ് ഇയാള്‍ എത്തിയത്. ചിത്രം കാണുന്നതിനിടെ ഇയാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന അനുജൻ ഇയാളെ ഉടന്‍ പെദ്ദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ലക്ഷ്മിറെഡ്ഡിക്ക് ഒരു മകളും ഒരു മകനുമുണ്ട്.
അവതാർ കാണുമ്പോൾ ഹൃദയസ്തംഭനം ഉണ്ടായ പ്രേക്ഷകനെ സംബന്ധിച്ച് ഇത് ആദ്യമായല്ല വാർത്ത വരുന്നത്. എപിയുടെ റിപ്പോര്‍ട്ട് പ്രകാരം 2009 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം കാണുന്നതിനിടയിൽ തായ്‌വാനിലെ 42 കാരനായ ഒരാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
അതേ സമയം ആദ്യദിനത്തില്‍ അവതാര്‍ ദി വേ ഓഫ് വാട്ടർ ഇന്ത്യയിൽ ഒരു ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് നടത്തിയെന്നാണ് വിവരം. വിവിധ ഭാഷകളിലായി 40 കോടിയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും ഈ ചിത്രം നേടിയത്.