Home Featured 15 കിലോ തക്കാളിക്ക് 2200 രൂപ ! ; കോലാറില്‍ തക്കാളി ലേലത്തില്‍ പോയത് റെക്കോഡ് തുകയ്‌ക്ക്

15 കിലോ തക്കാളിക്ക് 2200 രൂപ ! ; കോലാറില്‍ തക്കാളി ലേലത്തില്‍ പോയത് റെക്കോഡ് തുകയ്‌ക്ക്

കോലാര്‍ (കര്‍ണാടക) : രാജ്യത്തുടനീളം തക്കാളി വില ദിനംപ്രതി കുതിക്കുകയാണ്. വില വര്‍ധിച്ചെങ്കില്‍ പോലും അടുക്കളയിലെ റാണി എന്നറിയപ്പെടുന്ന തക്കാളിക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. മഴമൂലം ഉത്പാദനം കുറഞ്ഞതിനാല്‍ തന്നെ തക്കാളി കിട്ടാനും പ്രയാസമാണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ കര്‍ണാടകയിലെ കോലാറില്‍ റെക്കോഡ് തുകയ്‌ക്ക് തക്കാളി ലേലത്തില്‍ പോയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.ജൂലൈ 11 ചൊവ്വാഴ്‌ച കോലാറിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് (എപിഎംസി) 15 കിലോഗ്രാം തക്കാളി പെട്ടി 2200 രൂപയ്ക്ക് ലേലത്തില്‍ പോയി റെക്കോഡ് സൃഷ്‌ടിച്ചത്.

ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ വിജാക്കൂര്‍ ഗ്രാമത്തിലെ വെങ്കിട്ടരമണയാണ് 15 കിലോ വരുന്ന ഒരു പെട്ടി തക്കാളി 2200 രൂപയ്ക്ക് വിറ്റത്. തന്‍റെ ഒരേക്കര്‍ വരുന്ന തോട്ടത്തില്‍ തക്കാളിയാണ് ഇയാള്‍ കൃഷി ചെയ്‌തിരിക്കുന്നത്.കഴിഞ്ഞ ദിവസം എപിഎംസി മാര്‍ക്കറ്റില്‍ 36 പെട്ടി തക്കാളികളാണ് ഇയാള്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്. ഇത് മുഴുവൻ വില്‍പ്പന നടത്തുകയും ഇതിലൂടെ വലിയ വരുമാനം നേടാനും ഇയാള്‍ക്കായി. ഏഷ്യയിലെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ് കോലാറിലെ എപിഎംസി മാര്‍ക്കറ്റ്. ഇന്ത്യയിലെമ്ബാടുമുള്ള വ്യാപാരികള്‍ പച്ചക്കറികള്‍ വാങ്ങാൻ ഇവിടെയെത്തുന്നു. ഇപ്പോള്‍ തക്കാളിയാണ് ഇവിടുത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ തക്കാളി ഉത്പാദിപ്പിക്കുന്നത് കോലാര്‍, ചിക്കബെല്ലാപൂര്‍ ജില്ലകളിലാണ്. ഇവിടെ തക്കാളി കൃഷി ചെയ്യാൻ അനുകൂലമായ കാലാവസ്ഥയുണ്ട്. അതേസമയം കഴിഞ്ഞ ഒരു മാസമായി തക്കാളി വില പ്രതിദിനം ക്രമാതീതമായി ഉയരുന്നതായി എപിഎംസിയിലെ കച്ചവടക്കാര്‍ പറയുന്നു. ജൂണ്‍ രണ്ടാം വാരത്തില്‍ ആരംഭിച്ച തക്കാളി വിലയില്‍ ഇന്നും വര്‍ധനവ് തുടരുകയാണ്.

ഡല്‍ഹി, മഹാരാഷ്‌ട്രയിലെ നാസിക്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയിടങ്ങളില്‍ നിന്ന് പോലും തക്കാളിക്കായി ആവശ്യക്കാര്‍ എപിഎംസിയിലേക്ക് വരാറുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം കോലാര്‍ മേഖലയില്‍ ഒരു പ്രത്യേക വൈറസ് തക്കാളിയെ ബാധിക്കുന്നതായും അതിനാല്‍ തന്നെ വലിയ അളവില്‍ വിളവെടുക്കാൻ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

തക്കാളി മോഷണം : അടുത്തിടെ ബെംഗളൂരുവില്‍ 250 കിലോ തക്കാളിയുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ബെംഗളൂരുവിലെ ചിത്രദുര്‍ഗയിലായിരുന്നു സംഭവം. തക്കാളി കയറ്റിക്കൊണ്ട് പോകുകയായിരുന്ന ബൊലേറോ പിക്കപ്പ് വാൻ ഡ്രൈവറേയും കൂടെയുണ്ടായിരുന്ന കര്‍ഷകനേയും ബലം പ്രയോഗിച്ച്‌ തടഞ്ഞുനിര്‍ത്തിയ ശേഷം ഇവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.

ചിത്രദുര്‍ഗയിലെ ഹിരിയൂരില്‍ നിന്നുള്ള കര്‍ഷകൻ തന്‍റെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച 250 കിലോയിലധികം തക്കാളി വില്‍പ്പനക്കായി കൊണ്ട് പോകുന്നതിനിടെയാണ് മോഷണം നടന്നത്. കാറിലെത്തിയ മൂന്ന് പേര്‍ തക്കാളി കൊണ്ട് പോകുന്ന വാഹനം വഴിയില്‍ വച്ച്‌ തടയുകയായിരുന്നു. തുടര്‍ന്ന് അവരുടെ കാറില്‍ കര്‍ഷകന്‍റെ വാഹനം തട്ടിയെന്നും നഷ്‌ടപരിഹാരം വേണമെന്നും പറഞ്ഞ് ഇവര്‍ തര്‍ക്കം തുടരുകയായിരുന്നു.തര്‍ക്കം രൂക്ഷമായതോടെ പിക്കപ്പ് വാൻ ഡ്രൈവറെ ഇവര്‍ മര്‍ദിച്ചു.

ശേഷം വണ്ടിയില്‍ തട്ടിയതിന് യുപിഐ വഴിയോ ഡിജിറ്റല്‍ പേയ്‌മെന്‍റ് വഴിയോ പണം നല്‍കണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് വാഹനത്തില്‍ തക്കാളിയാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ അക്രമികള്‍ പണം വേണ്ടെന്ന് പറഞ്ഞ ശേഷം പിക്കപ്പ് വാനുമായി കടന്നുകളയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group