Home Featured ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിലെ 14 പേർ അറസ്റ്റിൽ, തട്ടിയത് 300 കോടിയിലേറെ

ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിലെ 14 പേർ അറസ്റ്റിൽ, തട്ടിയത് 300 കോടിയിലേറെ

മുംബൈ :  300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റൻറ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പതിനാല് പേരെയും അറസ്റ്റ് ചെയ്തത്. ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവർക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇനിയും ഏറെ പേർ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. 

ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ആപ്പ് വഴി ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ  തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്. 

ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നിൽ. കേരളത്തിലും നിരവധിപ്പേരാണ് ഇവരുടെ ചതിക്കുഴിയിൽ വീണത്. മാനഹാനി ഭയന്ന് 8 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയാളി അടക്കം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഓരോ ദിവസവും കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ ഈ കമ്പനികളുടെ ചതിക്കുഴികളില്‍ വീഴുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group