‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോയില്‍ വെച്ച്‌ യാത്രക്കാരൻ രഹസ്യമായി തൻ്റെ വീഡിയോ പക‍ർത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്.സൗപിക എന്ന യുവതി ആണ് താൻ നേരിട്ട ദുരനുഭവം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയത്. മെട്രോയില്‍ വെച്ച്‌ യാത്രക്കാരൻ തൻ്റെ വീഡിയോ പകർത്തിയെന്നും ഇയാളില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങിയെന്നും യുവതി പറയുന്നു. സെക്യൂരിറ്റിയുടെ കൈവശം ഏല്‍പ്പിച്ച ഫോണ്‍ യാത്രക്കാരൻ തട്ടിപ്പറിച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ച്‌ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്ക് വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ മെട്രോ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. ശരിക്കും താൻ വിറച്ചുപോയെന്നും മെട്രോയില്‍ വെച്ച്‌ തൻ്റെ വീഡിയോ പക‍ർത്തിയ യാത്രക്കാരനെ കൈയോടെ പിടികൂടിയെന്നും യുവതി വീ‍ഡിയോയില്‍ പറഞ്ഞു. യാത്രക്കാരനെ തടഞ്ഞ് എന്തിനാണ് തൻ്റെ വീഡിയോ പക‍ർത്തിയതെന്ന് യുവതി ചോദിക്കുന്നതും ഫോണ്‍ പിടിച്ചുവാങ്ങി അണ്‍ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ലിഫ്റ്റില്‍വെച്ച്‌ ഇയാളോട് ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവതി പറയുന്നതും യാത്രക്കാരൻ ക്ഷമ ചോദിക്കുന്നതും കാണാം.സെക്യൂരിറ്റി ഏല്‍പ്പിച്ച ഫോണ്‍ തട്ടിപ്പറിച്ച്‌ യാത്രക്കാരൻ രക്ഷപ്പെട്ടുവെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. “ഞാൻ അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി സെക്യൂരിറ്റിക്ക് കൊടുത്തു, പക്ഷേ അയാള്‍ അത് തട്ടിയെടുത്ത് ഓടിപ്പോയി.

ബെംഗളൂരുവില്‍ ഉള്ളവരോട് അപേക്ഷിക്കുകയാണ്, ഈ മനുഷ്യനെ കണ്ടെത്തുക, അയാളുടെ കമ്പനിയും കുടുംബവും കണ്ടെത്തുക. ഞാൻ മെട്രോ സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.ഏഴ് ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് അവർ പറഞ്ഞു”- യുവതി വീഡിയോയില്‍ പറഞ്ഞു.തൊലി പോലും പുറത്തു കാണാത്ത രീതിയിലുള്ള വസ്ത്രമാണ് താൻ ധരിച്ചിരുന്നതെന്നും യുവതി വീഡിയോയില്‍ നിസ്സഹായതോടെ പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. സംഭവത്തിൻ്റെ വിവരങ്ങള്‍ നല്‍കാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ കമൻ്റ് ബോക്സില്‍ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട്, സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍