‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് നാല് സീറ്റുകളിലും തോല്‍വി. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പരിഹസിച്ച്‌ ബിജെപി രംഗത്തെത്തി.ഡികെ, എല്ലാം കഴിഞ്ഞു ബ്രോ’ എന്നായിരുന്നു ബിജെപിയുടെ കർണാടക ഘടകം എക്‌സില്‍ കുറിച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘ഇറ്റ്‌സ് ഡണ്‍, ബ്രോ’ എന്ന പ്രയോഗം രാഷ്ട്രീയ പരിഹാസത്തിനായി ഉപയോഗിക്കുകയായിരുന്നു.നോർത്ത് ഈസ്റ്റ് ടീച്ചേഴ്‌സ്, സൗത്ത് ഈസ്റ്റ് ഗ്രാജുവേറ്റ്‌സ്, വെസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാർഥികള്‍ വിജയിച്ചു. ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച ജനതാദള്‍ (എസ്) സ്ഥാനാർഥി എ.പി. രംഗനാഥും വിജയിച്ചു. ഒക്ടോബർ 23നായിരുന്നു നാല് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നത്.

തോല്‍വി അംഗീകരിക്കുന്നുവെന്നും രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു. വോട്ടർമാർ നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ട് ഫലം വിലയിരുത്തുമെന്നും പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്ക് മടുപ്പുണ്ടായെന്നാണ് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം. സർക്കാർ രാജിവെച്ച്‌ പുതിയ തിരഞ്ഞെടുപ്പിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ നടപ്പാക്കുന്നില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്‌.ഡി. കുമാരസ്വാമിയും വിമർശിച്ചു. 2028ലെ തിരഞ്ഞെടുപ്പില്‍ എൻഡിഎ സഖ്യത്തിന് വോട്ടർമാരുടെ പിന്തുണ ലഭിക്കുമെന്ന സൂചനയാണ് ഫലമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ജെഡിഎസിന്റെ എ.പി. രംഗനാഥ് കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍സി പുട്ടണ്ണയെ 908 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

നോർത്ത് ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ബിജെപിയുടെ ശശില്‍ ജി. നമോഷി കോണ്‍ഗ്രസിന്റെ ശരനപ്പ മത്തൂരിനെ 3,297 വോട്ടുകള്‍ക്കും സൗത്ത് ഈസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തില്‍ കെ.എം. സുരേഷ് കോണ്‍ഗ്രസിന്റെ ശശി ഹുലികുന്തെ മഠിനെ 23,098 വോട്ടുകള്‍ക്കും തോല്‍പ്പിച്ചു. വെസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തില്‍ ബിജെപിയുടെ എസ്.വി. ശങ്കനൂർ കോണ്‍ഗ്രസിന്റെ മോഹൻ ലിംബികൈയെ 9,323 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി.തിരഞ്ഞെടുപ്പിനു പിന്നാലെ 75 അംഗ കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസിന് 37 അംഗങ്ങളും ബിജെപിക്ക് 24 അംഗങ്ങളും ജെഡിഎസിന് ഏഴ് അംഗങ്ങളുമാണുള്ളത്. ഒരു സ്വതന്ത്ര അംഗവും ചെയർമാൻ സലീം അഹമ്മദും കൗണ്‍സിലിലുണ്ട്. സർക്കാർ നാമനിർദേശത്തിനുള്ള അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

Related posts

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍