ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന് തോൽവി; ‘ബാലറ്റിലും തോറ്റതിന് എന്ത് ന്യായീകരണം?’ പരിഹസിച്ച് നിഖിൽ കുമാരസ്വാമി

ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് (എം.എല്‍.സി) നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച്‌ നിർണ്ണായകമായ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം ബി.ജെ.പി-ജെ.ഡി.എസ് (എൻ.ഡി.എ) സഖ്യം പിടിച്ചെടുത്തു.ജെ.ഡി.എസ് സ്ഥാനാർത്ഥിയായ എ.പി. രംഗനാഥ് 908 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.സി പുട്ടണ്ണയെ പരാജയപ്പെടുത്തിയത്. രംഗനാഥ് 10,810 വോട്ടുകള്‍ നേടിയപ്പോള്‍ പുട്ടണ്ണയ്ക്ക് 9,902 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച്‌ ജെ.ഡി.എസ് നേതാവ് നിഖില്‍ കുമാരസ്വാമി രംഗത്തെത്തി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) ഇല്ലാതെ ബാലറ്റ് പേപ്പർ ഉപയോഗിച്ച്‌ വോട്ടെടുപ്പ് നടത്തിയിട്ടും കോണ്‍ഗ്രസ് തോറ്റതിന് ഇനി എന്ത് ന്യായീകരണമാണ് നല്‍കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഭരണവും സംവിധാനങ്ങളും കൈയിലുണ്ടായിട്ടും ബാലറ്റ് വോട്ടെടുപ്പില്‍ ജനം എൻ.ഡി.എയ്ക്കൊപ്പം നിന്നുവെന്നും, ഇനി ‘പേപ്പർ ചോർച്ച’ എന്നാണോ കോണ്‍ഗ്രസ് ആരോപിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.അധികാരഹുങ്കിനെയും പണക്കൊഴുപ്പിനെയും മറികടന്നുള്ള അധ്യാപക സമൂഹത്തിന്റെ ചരിത്ര വിജയമാണിതെന്ന് ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി പ്രതികരിച്ചു. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ അടിത്തറ കൂടുതല്‍ കരുത്തുറ്റതായതിന്റെ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2023-ല്‍ ജെ.ഡി.എസ് വിട്ട് കോണ്‍ഗ്രസിലെത്തിയ പുട്ടണ്ണയ്ക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും ഉള്‍പ്പെടെ നേരിട്ടാണ് മണ്ഡലത്തില്‍ വൻ പ്രചാരണം നടത്തിയത്. ഇരുവരും വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള നേതാക്കളായതും തെരഞ്ഞെടുപ്പില്‍ നിർണ്ണായക ഘടകമായി.ഒക്ടോബർ 23-ന് വോട്ടെടുപ്പ് നടന്ന മറ്റ് മൂന്ന് കൗണ്‍സില്‍ മണ്ഡലങ്ങളിലും ബി.ജെ.പിയാണ് മുന്നേറ്റം തുടരുന്നത്.

സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ കെ.എം. സുരേഷും, നോർത്ത് ഈസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.സി സഷില്‍ ജി. നമോഷിയും, വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.സി എസ്.വി. ശങ്കനൂരും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കെതിരെ വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്.അതേസമയം, കൗണ്‍സിലില്‍ നേരിട്ട ഈ പരാജയം കോണ്‍ഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷത്തെയോ നിലനില്‍പ്പിനെയോ ബാധിക്കില്ല. നിലവില്‍ 75 അംഗങ്ങളുള്ള കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസിന് 38 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്.ബി.ജെ.പിക്ക് 24-ഉം ജെ.ഡി.എസിന് ആറും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന് പുറമെ അഞ്ച് നോമിനേറ്റഡ് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സിംഗിള്‍ ട്രാൻസ്ഫറബിള്‍ വോട്ട് സമ്പ്രദായമായതിനാലാണ് വോട്ടിങ് മെഷീന് പകരം മുൻഗണനാ ക്രമം രേഖപ്പെടുത്തുന്ന ബാലറ്റ് പേപ്പർ രീതി ഉപയോഗിക്കുന്നത്.

Related posts

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി ഏയ്മ കർണാടക

ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച്‌ ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍

ബെംഗളൂരു ഔട്ടര്‍ റിങ് റോഡ് മാറുന്നു;കുരുക്കഴിക്കാൻ 450 കോടിയുടെ പദ്ധതി,ജംഗ്ഷനുകളില്‍ പുതിയ ഫ്ലൈഓവറുകള്‍ വരും