‘എനിക്ക് വിമാനം കാണണം’, പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹര്‍ജികള്‍ തള്ളാൻ ശുപാര്‍ശ

ബെംഗളൂരു: കുപ്രസിദ്ധമായ ബെംഗളൂരു റിങ് റോഡ് കൊലക്കേസില്‍ പ്രതികളുടെ ദയാഹർജി തള്ളാൻ കർണാടക മന്ത്രിസഭ ശുപാർശ ചെയ്തു.പ്രതികളായ ശുഭ ശങ്കരനാരായണൻ, അരുണ്‍ വർമ എന്നിവരുടെ ദയാഹർജികള്‍ തള്ളാനാണ് മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തത്.പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണൻ, കാമുകനായ അരുണ്‍ വർമ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ല്‍ കർണാടക ഹൈക്കോടതിയും 2025-ല്‍ സുപ്രീംകോടതിയും ശരിവെച്ചു. എന്നാല്‍, ശുഭയ്ക്കും അരുണിനും ഗവർണർക്ക് ഹർജി നല്‍കാൻ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഗവർണർക്ക് ദയാഹർജി നല്‍കിയത്.

തുടർന്ന് ഗവർണർ ദയാഹർജിയില്‍ മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു.2003 ഡിസംബർ മൂന്നിനാണ് പ്രതിശ്രുത വരനായ ബി വി ഗിരീഷിനെ ശുഭയും അരുണും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. ബെംഗളൂരു റിങ് റോഡില്‍വെച്ചായിരുന്നു. ഇതിനാലാണ് ഗിരീഷിന്റെ കൊലക്കേസ് റിങ് റോഡ് കൊലക്കേസ് എന്ന് അറിയപ്പെട്ടത്.ബെംഗളൂരുവില്‍ നിയമവിദ്യാർഥിനിയായിരുന്ന ശുഭയും കോളേജിലെ ജൂനിയറായ അരുണം തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, ഇതിനെ മറികടന്ന് വീട്ടുകാർ ഗിരീഷുമായി ശുഭയുടെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയവും നടത്തി. ഇതിനുപിന്നാലെയാണ് ശുഭയും കാമുകനും കൊലപാതകം ആസൂത്രണംചെയ്തത്.ഇന്റലിലെ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു കൊല്ലപ്പെട്ട ഗിരീഷ്. 2003 നവംബർ 30-നായിരുന്നു ഗിരീഷിന്റെയും ശുഭയുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം ആലോചിച്ചുറപ്പിച്ചത്. അന്ന് അഞ്ചാംസെമസ്റ്റർ എല്‍എല്‍ബി വിദ്യാർഥിനിയായിരുന്നു ശുഭ. എന്നാല്‍, ഗിരീഷുമായുള്ള വിവാഹനിശ്ചയം നടക്കുമ്പോഴും കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല.ശുഭയും കാമുകനും മുൻകൂട്ടി ആസൂത്രണംചെയ്തത് പ്രകാരം 2003 ഡിസംബർ മൂന്നിനാണ് പ്രതികള്‍ ഗിരീഷിനെ കൊലപ്പെടുത്തിയത്.

സംഭവദിവസം രാത്രി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കാനായി ഗിരീഷ് പ്രതിശ്രുത വധുവായ ശുഭയെ ക്ഷണിച്ചിരുന്നു. തുടർന്ന് ഇരുവരും ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. ഇതിനുശേഷം തനിക്ക് എച്ച്‌എഎല്‍ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാണണമെന്ന് ശുഭ ഗിരീഷിനോട് പറഞ്ഞു. തുടർന്ന് പ്രതിശ്രുത വധുവിന്റെ ആഗ്രഹപ്രകാരം ഗിരീഷ് ശുഭയെ ഇന്നർ റിങ് റോഡിലെ വിമാനത്താവള വ്യൂപോയിന്റിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച്‌ ഇരുവരും വിമാനങ്ങള്‍ കണ്ടുകൊണ്ടിരിക്കെയാണ് ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഒരു സംഘം ഗിരീഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. വെങ്കിടേഷ്, ദിനേശ് എന്നിവരാണ് ബൈക്കിലെത്തി ഗിരീഷിനെ ആക്രമിച്ചത്. മർദനത്തില്‍ ഗുരുതരപരിക്കേറ്റ ഗിരീഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. തുടർന്ന് വിവേക്നഗർ പൊലീസ് ഇൻസ്പെക്ടർ കെ എ നാനയ്യയുടെ നേതൃത്വത്തില്‍നടത്തിയ അന്വേഷണത്തിലാണ് ശുഭയും കാമുകനുമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് കണ്ടെത്തിയത്.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി