കര്‍ണാടക വോട്ടര്‍പട്ടികയില്‍ സ്വയം ‘മരണം’ സാക്ഷ്യപ്പെടുത്തി 37 പേര്‍, പരസ്പരം ‘കൊന്ന്’ 334 ജോഡികള്‍, ഞെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ബെംഗളൂരു: സ്വന്തം മരണം കാരണമായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത് 37 പേര്‍. 334 ജോഡികളാണ് മരിച്ചതായി എതിര്‍പ്പ് പരസ്പരം ഫയല്‍ ചെയ്ത് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവായത്.സംസ്ഥാനത്ത് 37 വോട്ടര്‍മാര്‍ തങ്ങള്‍ ‘മരിച്ചുപോയി’ എന്ന് കാണിച്ച്‌ പേര് വെട്ടാന്‍ സ്വന്തം പേരില്‍ത്തന്നെ അപേക്ഷ നല്‍കിയപ്പോള്‍, 334 ജോഡി വോട്ടര്‍മാര്‍ (ആകെ 668 പേര്‍) പരസ്പരം മരിച്ചവരാണെന്ന് കാണിച്ച്‌ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്തു.ഒരാള്‍ മരിക്കുകയോ താമസം മാറുകയോ ചെയ്താല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ സമര്‍പ്പിക്കേണ്ടത് ‘ഫോം-7’ ആണ്. എന്നാല്‍, കര്‍ണാടകയില്‍ ലഭിച്ച 37 അപേക്ഷകളില്‍ അപേക്ഷകന്റെ പേരും ഒഴിവാക്കേണ്ട ആളുടെ പേരും ഇനീഷ്യല്‍ അടക്കം ഒന്നാണ്. ഇവര്‍ സ്വന്തം മരണ കാരണം കാണിച്ചാണ് ഫോം സമര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ 30-ന് ആരംഭിച്ച എസ്.ഐ.ആര്‍ പ്രക്രിയയ്ക്ക് മുന്‍പാണ് ഇത്തരം ഭൂരിഭാഗം അപേക്ഷകളും സമര്‍പ്പിക്കപ്പെട്ടത്. സെപ്റ്റംബര്‍ 17-നും 26-നും ഇടയില്‍ മഗാഡി, സണ്ടൂര്‍, ബ്യാട്ടരായണപുര മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച ഇത്തരം മൂന്ന് അപേക്ഷകള്‍ കരട് വോട്ടര്‍പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.സോഫ്റ്റ് വെയറിലെ തകരാറുകളോ ഡാറ്റാബേസ് പിഴവുകളോ ആകാം ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം. പലയിടത്തും ബി.എല്‍.ഒമാര്‍ ഇത്തരമൊരു അപേക്ഷയെക്കുറിച്ച്‌ അറിഞ്ഞിട്ടുപോലുമില്ല. ഒരേ പോളിങ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 668 വോട്ടര്‍മാര്‍ പരസ്പരം മരിച്ചതായി രേഖപ്പെടുത്തി ഫോം-7 നല്‍കിയതാണ് മറ്റൊരു വിചിത്ര സംഭവം. ഒരാള്‍ മറ്റൊരാള്‍ മരിച്ചുവെന്ന് കാണിച്ച്‌ അപേക്ഷ നല്‍കുമ്പോള്‍, രണ്ടാമത്തെയാള്‍ തിരിച്ചും എതിര്‍പ്പ് ഫയല്‍ ചെയ്യുകയായിരുന്നു.

25-ലധികം ജില്ലകളിലായി ഇത്തരം 334 ജോഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 16-ന് പട്ടിക മരവിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, ജൂണ്‍ മാസത്തില്‍ മാത്രം ഇത്തരം 333 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഒരുകോടിയിലധികം വോട്ടര്‍മാരെയാണ് ‘സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍, ഇരട്ട വോട്ടുള്ളവര്‍’ എന്നീ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയത്.കൂട്ടത്തോടെ ഫോം-7 ദുരുപയോഗം ചെയ്ത് ചില പ്രത്യേക സമുദായങ്ങളുടെ പേരുകള്‍ വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളും പരാതികളും രാഷ്ട്രീയ പ്രതിഷേധങ്ങളും നേരത്തെതന്നെ ഉയര്‍ന്നിരുന്നു.വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ മരണ സര്‍ട്ടിഫിക്കറ്റോ നേരിട്ടുള്ള പരിശോധനയോ നിര്‍ബന്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഡാറ്റാ എന്‍ട്രിയിലെ ഗുരുതരമായ പിഴവുകളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. എസ്.ഐ.ആര്‍ പ്രകാരമുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 27-ന് പ്രസിദ്ധീകരിക്കും.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി