അഞ്ച് ലക്ഷം രൂപ കൈക്കൂലി കേസ്; ലഖ്‌നൗവില്‍ ഇഡി ഉദ്യോഗസ്ഥരും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) രണ്ട് ഉദ്യോഗസ്ഥരെ സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു.ലഖ്‌നൗ സോണല്‍ ഓഫീസില്‍ നിയമിതരായ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ദീപക് കുമാർ, ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് ദ്വിവേദി എന്നിവരാണ് പിടിയിലായത്. ഇഡി കേസില്‍ പരാതിക്കാരന്റെ പിതാവിന് അനുകൂലമായ നടപടി ഉറപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം. 2026 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ പരാതിക്കാരന്റെ പിതാവിന് കേസുമായി ബന്ധപ്പെട്ട് രണ്ട് സമൻസുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഹെഡ് കോണ്‍സ്റ്റബിള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഒക്ടോബർ 23നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് നടത്തിയ നീക്കത്തില്‍ മനോജ് ദ്വിവേദി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നതിനിടെ പിടിയിലായതായി സിബിഐ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് വേണ്ടിയാണ് ഇയാള്‍ പണം വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായും തുടർ അന്വേഷണം നടക്കുകയാണെന്നും സിബിഐ വ്യക്തമാക്കി. അതേസമയം, രാജ്യാന്തര സൈബർ തട്ടിപ്പ്, എടിഎം കാർഡ് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ മുഹമ്മദ് ഫസല്‍ കെയെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 ജൂലൈയില്‍ തൃശൂർ സ്വദേശിക്ക് 1.04 കോടി രൂപ നഷ്ടമായ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് കേസ്.

ഫെഡ്‌എക്സ് ഉദ്യോഗസ്ഥരെന്നും സൈബർ ക്രൈം പൊലീസെന്നും വ്യാജമായി പരിചയപ്പെടുത്തിയ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് പരിശോധനയുടെ പേരില്‍ പരാതിക്കാരനെക്കൊണ്ട് 1,04,40,111 രൂപ കൈമാറിപ്പിച്ചെന്നാണ് ആരോപണം.യുവാക്കളില്‍നിന്നും വിദ്യാർഥികളില്‍നിന്നും 3,000 മുതല്‍ 7,000 രൂപ വരെ നല്‍കി ഡെബിറ്റ്, എടിഎം കാർഡുകള്‍ വാങ്ങി ദുബായിലേക്ക് കടത്തിയിരുന്ന രാജ്യാന്തര ശൃംഖലയെക്കുറിച്ച്‌ അന്വേഷണത്തില്‍ വിവരം ലഭിച്ചതായി സിബിഐ അറിയിച്ചു. വിദേശത്തുള്ള കൂട്ടാളികള്‍ ഈ കാർഡുകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുപണം പിൻവലിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന് പിന്നാലെ 2026 മേയ് 13ന് ഷാർജയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ ഫസലിനെ തടഞ്ഞിരുന്നു.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി