ബെംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ ഓടും; സുപ്രീം കോടതി അനുമതി; നിരോധനത്തെക്കാള്‍ നല്ലത് നിയമവല്‍ക്കരണമെന്ന് നിര്‍ദേശം

ബെംഗളൂരു: കർണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി വിധി. സംസ്ഥാനത്ത് ബൈക്ക് ടാക്സികള്‍ നിരോധിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് സുപ്രീം കോടതിയടെ വിധി.സർക്കാരിന്റെ അപ്പീല്‍ കോടതി തള്ളി. ബൈക്ക് ടാക്സി നിരോധനം നീക്കിയെങ്കിലും, സേവനദാതാക്കള്‍ക്ക് മേല്‍ കൃത്യമായ നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ് സി ശർമ്മയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.ജിപിഎസ് സൗകര്യമുള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ബൈക്ക് ടാക്സികള്‍ സുരക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു.

നിരോധിക്കുന്നതിനേക്കാള്‍ നല്ലത് കൃത്യമായി നിയന്ത്രിക്കുന്നതാണെന്ന് കോടതി പറഞ്ഞു. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിലവില്‍ ബൈക്ക് ടാക്സി സംവിധാനമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.അതെസമയം വിധിയില്‍ നിരാശ രേഖപ്പെടുത്തി ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ രംഗത്തെത്തി. റൈഡ്-ഹെയ്‌ലിംഗ് കമ്പനികള്‍ നല്‍കുന്ന ബൈക്ക് ടാക്സി സേവനങ്ങള്‍ നിരോധിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. കോടതിയുടെ ഔദ്യോഗിക ഉത്തരവ് പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കാൻ കഴിയൂ എന്ന് കർണാടക ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.കേരളത്തിലെ സ്ഥിതികേരളത്തില്‍ ബൈക്ക് ടാക്സികള്‍ക്ക് നിരോധനമില്ല. എങ്കിലും കൃത്യമായ നിയന്ത്രണങ്ങളോടെയും വാണിജ്യ പെർമിറ്റോടെയും മാത്രമേ സർവീസ് നടത്താവൂ എന്നതാണ് സംസ്ഥാന സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിലപാട്.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനങ്ങള്‍ ബൈക്ക് ടാക്സിയായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കിയിട്ടുണ്ട്. ടാക്സിയായി ഓടണമെങ്കില്‍ വാഹനം വാണിജ്യ വിഭാഗത്തിലേക്ക് മാറ്റുകയും, കൃത്യമായ പെർമിറ്റും ഫിറ്റ്നസും നേടുകയും വേണം. വൈറ്റ് ബോർഡ് വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നതിന് അനുമതിയില്ല. യെല്ലോ ബോർഡ് നിർബന്ധമാണ്. നിയമം ലംഘിച്ച്‌ സർവീസ് നടത്തുന്ന സ്വകാര്യ ബൈക്കുകള്‍ക്കെതിരെ പിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന നടപടികള്‍ സംസ്ഥാനത്ത് തുടരുന്നുണ്ട്.

ഊബർ, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ 2026 ഒക്ടോബറില്‍ പുതിയ കരട് ചട്ടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബൈക്ക് ടാക്സികള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെ നിയമപരമായ ചട്ടക്കൂടില്‍ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ബൈക്ക് ടാക്സികള്‍ക്ക് കിലോമീറ്ററിന് 10 രൂപ അടിസ്ഥാന നിരക്കായി നിശ്ചയിക്കാൻ നിർദ്ദേശമുണ്ട്. തിരക്കുള്ള സമയങ്ങളില്‍ ഇതിന്റെ ഇരട്ടി വരെയും, അല്ലാത്തപ്പോള്‍ 50% കുറച്ചും നിരക്ക് ഈടാക്കാം.

Related posts

ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാം; 29 സ്റ്റേഷനുകള്‍, 2028 മാര്‍ച്ചോടെ പാത പൂര്‍ണമായി തുറക്കും

21,900 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കര്‍ണാടക; 2000 ഇ-ബസുകള്‍ വാങ്ങും!

2027 മുതല്‍ കര്‍ണാടകയില്‍ ഹാഫ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം? പിൻസീറ്റ് യാത്രക്കാര്‍ക്കും ഫുള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും