ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ ഗതാഗതം ശക്തമാക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈനില്‍ പരീക്ഷണ സർവീസ് (ട്രയല്‍ റണ്‍) പുരോഗമിക്കുന്നു.ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) 2026 നവംബർ പത്തിന് ബ്ലൂ ലൈനിന്റെ ഒരു ഭാഗത്ത് പരീക്ഷണ ഓട്ടം ആരംഭിച്ചു. കെആർ പുരം പ്രദേശം വഴി ബയ്യപ്പനഹള്ളി ഡിപ്പോയ്ക്കും ദൊഡ്ഡനെകുണ്ടി സ്റ്റേഷനും ഇടയിലുള്ള ഏകദേശം ആറ് കിലോമീറ്റർ ദൂരത്താണ് ട്രെയിൻ പരീക്ഷണം നടത്തിയത്.ബെംഗളൂരു മെട്രോ ബ്ലൂ ലൈനിന്റെ നിർമാണം നിലവില്‍ തുടരുകയാണ്. അതിനാല്‍ പാത ഇതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല.
പിങ്ക് ലൈനിന്റെ ആദ്യ ഘട്ടം നവംബർ 14ന് യാത്രക്കാരുമായി സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്ലൂ ലൈനില്‍ ട്രയല്‍ സർവീസ് ആരംഭിച്ചത്.ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ – റൂട്ടും സ്റ്റേഷനുകളും’ഔട്ടർ റിങ് റോഡ് – എയർപോർട്ട് മെട്രോ ഇടനാഴി’ എന്നറിയപ്പെടുന്ന 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ ദക്ഷിണ ബെംഗളൂരുവിലെ സെൻട്രല്‍ സില്‍ക്ക് ബോർഡിനെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ്. കെആർ പുരം, ഹെബ്ബാള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബ്ലൂ ലൈൻ ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ഔട്ടർ റിങ് റോഡ് ടെക് ഇടനാഴിയിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തും.
29 സ്റ്റേഷനുകളുള്ള പദ്ധതി വികസിപ്പിക്കുന്നത് രണ്ട് ഘട്ടങ്ങളായി
* ഘട്ടം 2A (Phase 2A): സെൻട്രല്‍ സില്‍ക്ക് ബോർഡിനും കെആർ പുരത്തിനും ഇടയിലുള്ള 19.75 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ്. ഇതില്‍ 13 എലിവേറ്റഡ് (ഉയർത്തിയ പാതയിലുള്ള) സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്.
* ഘട്ടം 2B (Phase 2B): കെആർ പുരത്തെ ഹെബ്ബാള്‍ വഴി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 38.44 കിലോമീറ്റർ ദൈർഘ്യമുള്ള പാത.ഈ പാത പ്രവർത്തനസജ്ജമാകുന്നതോടെ, വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും ഔട്ടർ റിങ് റോഡിലെ യാത്രക്കാർക്ക് ഏറെ നേട്ടമാകും.
ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ ട്രയല്‍ റണ്ണുകള്‍
നവംബർ 10നാണ് പ്രധാന പാതയിലെ ആദ്യ ട്രയല്‍ റണ്‍ നടന്നത്. ബയ്യപ്പനഹള്ളി ഡിപ്പോയ്ക്കും ദൊഡ്ഡനെകുന്ദിക്കും ഇടയില്‍ ഏകദേശം 6 കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷണ സർവീസ് നടന്നത്. പാതയില്‍ ഇനിയും പ്രവൃത്തി പൂർത്തിയാകാനുണ്ട്.സിഗ്നലിങ് സംവിധാനങ്ങള്‍ സംയോജിപ്പിക്കേണ്ടതുണ്ട്.നവംബർ 18ലെ റിപ്പോർട്ട് പ്രകാരം ഏകദേശം രണ്ട് കിലോമീറ്റർ ട്രാക്ക് സ്ഥാപിക്കാനും ചില സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാനും ബാക്കിയുണ്ടായിരുന്നു.
ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ എപ്പോള്‍ തുറക്കും?
സെൻട്രല്‍ സില്‍ക്ക് ബോർഡ് – കെആർ പുരം ഭാഗം 2027ന്റെ മധ്യത്തോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. സെൻട്രല്‍ സില്‍ക്ക് ബോർഡിനെയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന 58.19 കിലോമീറ്റർ ദൈർഘ്യമുള്ള മുഴുവൻ പാതയും 2028 മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.