ബെംഗളൂരു: മന്ത്രിസഭാ യോഗത്തില്‍ 21,900 കോടി രൂപയിലധികം ചെലവുവരുന്ന പ്രധാന അടിസ്ഥാന സൗകര്യ, ഭവന പദ്ധതികള്‍ക്ക് അംഗീകാരം നല്കി സർക്കാർ.മന്ത്രിസഭാ യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം 6,600 ഏക്കർ സ്ഥലത്ത് 93,240 പ്ലോട്ടുകള്‍ വികസിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ‘നമ്മ വീടു’ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി.11,655 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 50,000 പ്ലോട്ടുകള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കും സാമൂഹിക സേവന പ്രവർത്തകർക്കും 50 ശതമാനം ഇളവില്‍ നല്‍കും.
ഭൂമി വികസിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. ആകെ 24,000 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം പ്ലോട്ടുകള്‍ ഡിസംബർ അവസാനത്തോടെയോ ജനുവരിയിലോ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.രാജീവ് ഗാന്ധി ഹൗസിങ് കോർപ്പറേഷൻ വഴി 2241 കോടി രൂപ ചെലവില്‍ ഒരു ലക്ഷം വീടുകള്‍ നിർമ്മിക്കുന്നതിനും അംഗീകാരം നല്കി. പൊതുവിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി 1.2 ലക്ഷം രൂപയില്‍നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തി. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള സബ്സിഡി രണ്ട് ലക്ഷം രൂപയില്‍നിന്ന് മൂന്ന് ലക്ഷം രൂപയായും വർധിപ്പിച്ചു.ഏഷ്യൻ വികസന ബാങ്കിന്റെ (എഡിബി) സഹായത്തോടെ 10,252.58 കോടി രൂപ ചെലവില്‍ കർണാടക സംസ്ഥാന പാതാ നവീകരണ പദ്ധതി നാലിനും അംഗീകാരം ലഭിച്ചു. 12 ജില്ലകളിലായി 730.01 കിലോമീറ്റർ ദൈർഘ്യമുള്ള ഒൻപത് സംസ്ഥാന പാതകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക.
ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് മാതൃകയില്‍ 1,700 കോടി രൂപ ചെലവില്‍ 2,000 വൈദ്യുത ബസുകള്‍ വാങ്ങാനും മന്ത്രിസഭ അനുമതി നല്കി. ഇതിനായി ലോകബാങ്ക് 1,400 കോടി രൂപയുടെ സഹായം നല്‍കും. ശേഷിക്കുന്ന 300 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ഇത് ബെംഗളൂരു നഗരത്തിന് ഗുണമാവും.2012-13 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ഏഴ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനുകള്‍ വഴി 2.83 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്ത 977.81 കോടി രൂപയുടെ വായ്പകളില്‍ 236.04 കോടി രൂപയുടെ പലിശ ഇളവ് അനുവദിച്ചു. ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ഇളവ്. ഗുണഭോക്താക്കള്‍ ആറുമാസത്തിനുള്ളില്‍ വായ്പയുടെ മുതലായ തുക തിരിച്ചടയ്ക്കണം.മൂന്ന് വർഷത്തിനുള്ളില്‍ 100 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ‘മുഖ്യമന്ത്രി കൃഷി വിസ്താര’ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
2026-27 സാമ്പത്തിക വർഷത്തേക്ക് 30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 31 ജില്ലകളിലായി 10,000 കർഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.ബിഇ, ബിസിഎ കോഴ്സുകള്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് 50,000 രൂപയോളം വിലവരുന്ന 5,000 ലാപ്ടോപ്പുകള് വിതരണം ചെയ്യുന്നതിനായി 25 കോടി രൂപ അനുവദിച്ചു. 52 മുതല്‍ 54 മീറ്റർ വരെ ഉയരത്തില്‍ എത്താൻ കഴിയുന്ന അത്യാധുനിക ഏരിയല്‍ ലാഡർ പ്ലാറ്റ്ഫോം വാഹനം വാങ്ങുന്നതിനായി 16 കോടി രൂപ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്.