സൗജന്യ റേഷന്‍ വിതരണം; മോദിയുടെ ചിത്രമുള്ള ബാനര്‍, കിറ്റിന് മുകളില്‍ താമര ചിഹ്നം; സംസ്ഥാനങ്ങള്‍ക്ക് നിര്‍​ദ്ദേശം

ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ബാനറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ റേഷന്‍ വിതരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നേതൃത്വമാണ് നിര്‍ദ്ദേശം നല്‍കിയത്. റേഷന്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബാഗുകളില്‍ ബിജെപിയുടെ ചിഹ്നമായ താമര പതിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു നിര്‍ധനരായവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസം എന്ന നിലയ്ക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പുനഃസ്ഥാപിച്ചത്.

ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ടിനു കീഴിലെ 80 കോടി ആളുകള്‍ക്കു പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി ലഭിക്കുന്ന പദ്ധതി നവംബര്‍ വരെ നീട്ടിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വങ്ങള്‍ക്കു ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിങ് അയച്ച കത്തില്‍ ഭക്ഷ്യ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ ജനങ്ങളിലെത്തിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം ഉറപ്പുവരുത്താന്‍ എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കി.

ബിജെപി ഭരണം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലും റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം പതിപ്പിക്കണമെന്നാണു നിര്‍ദേശം. ഇത്തരം സംസ്ഥാനങ്ങളില്‍ ബാനറില്‍ നിന്നു മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കണം. പകരം പൊതുസ്വീകാര്യത ഉള്ളവരുടെയും നിയമ നിര്‍മാതാക്കളുടെയും ചിത്രം പതിപ്പിക്കണം.

പ്രചാരണത്തിനു സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കണം. ഗുണഭോക്താക്കളെ നേരിട്ടു കാണാനും പാര്‍ട്ടി നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റേഷന്‍ ബാഗുകള്‍ പ്ലാസ്റ്റിക് മുക്തമാണെന്ന് ഉറപ്പാക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി