ബെംഗളൂരു: ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളുടെ പേരിൽ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്(ടിസിഎസ്) കർണാടക തൊഴിൽവകുപ്പിന്റെ നോട്ടീസ്. ഐടി ജീവനക്കാരുടെ സംഘടനയായ കർണാടക സ്റ്റേറ്റ് ഐടി-ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.സർക്കാർ അനുമതിനേടാതെ ലേ ഓഫ് നടപടി സ്വീകരിക്കുന്നത് ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് നിയമത്തിന്റെ ലംഘനമാണെന്നാണ് കെഐടിയുവിന്റെ പരാതിയിൽ ആരോപിക്കുന്നത്.ലേ ഓഫ് വിഷയത്തിൽ വിശദീകരണം നൽകാൻ ഓഗസ്റ്റ് ആറിന് അഡിഷണൽ ലേബർ കമ്മിഷണറുടെ ഓഫീസിൽ ടിസിഎസ് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം.
അന്നേദിവസം യൂണിയൻ പ്രതിനിധികളുമായി തൊഴിൽ വകുപ്പിന്റെ മധ്യസ്ഥതയിൽ ടിസിഎസ് അധികൃതർ ചർച്ചനടത്തിയേക്കും. 100 ജീവനക്കാരിൽക്കൂടുതൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ലേ ഓഫ് നടപടി സ്വീകരിക്കുന്നതിനുമുൻപ് സർക്കാരിൽനിന്ന് അനുമതി നേടണമെന്നും എന്നാൽ, ടിസിഎസ് ഇതിന് തയ്യാറായിട്ടില്ലെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.ബെംഗളൂരുവിൽ ടിസിഎസ് ഇതിനകംതന്നെ ഒട്ടേറെ ജീവനക്കാരോട് രാജിവെക്കാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
പിരിച്ചുവിടൽനടപടി നേരിട്ടാൽ കരിയറിനെ ബാധിക്കുമെന്നും അതിനാൽ രാജി സമർപ്പിക്കണമെന്നുമാണ് കമ്പനി അധികൃതർ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഒാരോരുത്തരെ പ്രത്യേകം വിളിച്ചുവരുത്തി രാജി എഴുതിവാങ്ങാൻ സമ്മർദം ചെലുത്തുന്നുണ്ട്. 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ടിസിഎസ് ഒരുങ്ങുന്നത്