ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളില്‍ ഒന്നായ ഔട്ടർ റിംഗ് റോഡിന്റെ (ഒആർആർ) പുനർവികസനത്തിനായി കർണാടക സർക്കാർ 450 കോടി രൂപ പ്രഖ്യാപിച്ച്‌ ഏകദേശം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്.എന്നാല്‍ ഒരു വർഷത്തിന് ശേഷവും പദ്ധതി സ്‌തംഭിച്ചിരിക്കുകയാണ്. തുടർച്ചയായ തടസങ്ങളും ഇടയ്ക്ക് ഉണ്ടായ ഡിസൈൻ മാറ്റങ്ങളും നടപടിക്രമങ്ങളിലെ കാലതാമസവും കാരണം പദ്ധതിയുടെ ചെലവ് ഇപ്പോള്‍ 486 കോടി രൂപയായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌.ഏറെ നാളത്തെ ആവശ്യത്തിന് ഒടുവില്‍ സില്‍ക്ക് ബോർഡ് ജംഗ്ഷനും കെആർ പുരത്തിനും ഇടയിലുള്ള 17 കിലോമീറ്റർ പാതയ്ക്ക് 2025 ഡിസംബറില്‍ അംഗീകാരം ലഭിച്ചിരുന്നു. എന്നിരുന്നാലും, രൂപകല്‍പ്പനയിലെയും നിർവ്വഹണ മാതൃകയിലെയും മാറ്റങ്ങള്‍ കാരണം ടെൻഡർ പ്രക്രിയയ്ക്ക് ശേഷം പദ്ധതി നിർത്തിവച്ചു.

ഇത് ഈ വഴി ഉപയോഗിക്കുന്ന നിരവധി യാത്രക്കാർക്കും ടെക് ജീവനക്കാർക്കുമാണ് തിരിച്ചടിയായിരിക്കുന്നത്.ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ഒആർആർസിഎ) റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച്‌ പലവട്ടം ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കുഴികള്‍, അപൂർണ്ണമായ അസ്‌ഫാല്‍റ്റിംഗ്, അടഞ്ഞ അഴുക്കുചാലുകള്‍, മോശം തെരുവ് വിളക്കുകള്‍ എന്നിവ അടക്കമുള്ള വീഴ്‌ചകള്‍ അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല ഇടനാഴിയുടെ പതിവ് അറ്റകുറ്റപ്പണികളും അവഗണിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.എന്നാല്‍ ഇതിന്റെ കാരണമായി അധികൃതർ പറയുന്നത് മറ്റ് ചിലതാണ്. ബെംഗളൂരു മെട്രോയുടെ ബ്ലൂ ലൈൻ പ്രവർത്തനക്ഷമമാകുന്നതുവരെ വൈറ്റ് ടോപ്പിംഗ് ജോലികള്‍ മാറ്റിവയ്ക്കാനുള്ള നിർദ്ദേശം ഉള്‍പ്പെടെ പദ്ധതിയുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥർ ഉദ്ധരിച്ചു. എന്നാല്‍ ഇത് 2027 പകുതിയോടെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) പുതുക്കിയ പദ്ധതി നിർദ്ദേശം ഹൈബ്രിഡ് ആന്വിറ്റി മോഡലിന് കീഴില്‍ പുതിയ അംഗീകാരത്തിനായി സംസ്ഥാന മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്ന് സിഇഒ നിതിൻ കെ പറഞ്ഞു.

ഈ മോഡലിന് കീഴില്‍, കരാറുകാർക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം മുൻകൂറായി ലഭിക്കും.ഔട്ടർ റിംഗ് റോഡില്‍ വിശാലമായ കാല്‍നട നടപ്പാതകള്‍ സൃഷ്‌ടിക്കുന്നതിനായി നിലവിലുള്ള അഴുക്കുചാലുകള്‍ മാറ്റിസ്ഥാപിക്കുന്നത് പുതുക്കിയ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുന്നു. അതേസമയം, ബിറ്റുമിൻ ഉള്‍പ്പെടെയുള്ള വർധിച്ചുവരുന്ന മെറ്റീരിയല്‍ ചെലവ് കാരണം പദ്ധതിച്ചെലവ് 450 കോടിയില്‍ നിന്ന് 486 കോടിയായി ഉയർന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഐടി ഇടനാഴികളിലൊന്നില്‍ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍, ഡ്രെയിനേജ് സൌകര്യങ്ങള്‍, കാല്‍നടയാത്രക്കാരുടെ സൌകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതിയുടെ രൂപകല്‍പ്പനയിലെ കാലതാമസവും ആവർത്തിച്ചുള്ള മാറ്റങ്ങളും ഒആർആറില്‍ പ്രവർത്തിക്കുന്ന ബിസിനസുകള്‍ക്കും ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഇടയില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Related posts

വന്ദേഭാരതിന് മംഗളൂരു സെൻട്രലില്‍ കൂടി സ്റ്റോപ്പ് അനുവദിക്കുമോ? ഏറിയാല്‍ 15 മിനിറ്റ് മതി..ആവശ്യം ഇങ്ങനെ

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍