വന്ദേഭാരതിന് മംഗളൂരു സെൻട്രലില്‍ കൂടി സ്റ്റോപ്പ് അനുവദിക്കുമോ? ഏറിയാല്‍ 15 മിനിറ്റ് മതി..ആവശ്യം ഇങ്ങനെ

യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഡ്ഗാവ്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചിരിക്കുകയാണ്.നേരത്തേ മഡ്ഗാവ്-മംഗളൂരു റൂട്ടിലോടിയിരുന്ന വന്ദേഭാരത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌ ബെംഗളൂരിലേക്ക് നീട്ടുകയായിരുന്നു. തീരദേശ കർണാടകയേയും ബെംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ വന്ദേഭാരത് സർവ്വീസ് കൂടിയാണിത്.ബെംഗളൂരുവില്‍ നിന്ന് മഡ്ഗാവിലേക്ക് ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസവും വന്ദേഭാരത് സർവീസുണ്ടായിരിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് മടക്ക സർവീസ്. 12 സ്റ്റേഷനുകളിലാണ് ട്രെയിനിന്‍ സ്റ്റോപ്പ് ഉള്ളത്.ശ്രാവണബെലഗോല, ഹാസന്‍, സക്ലേഷ്പൂര്‍, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂര്‍, മംഗളൂരു ജങ്ഷന്‍, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബെയ്‌നൂര്‍, മുര്‍ദേശ്വര്‍, ഗോകര്‍ണ റോഡ്, കര്‍വാര്‍ എന്നീ സ്‌റ്റേഷനുകളിലാണ് സ്‌റ്റോപ്പുകള്‍.

എന്നാല്‍ ട്രെയിനിന് മംഗളൂരു സെൻട്രലില്‍ കൂടി സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പശ്ചിമ കരാവലി റെയില്‍വേ യാത്രി അഭിവൃദ്ധി സമിതിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഇവർ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം കൈമാറി.മഡ്ഗാവ്-മംഗളൂരു സർവ്വീസാണ് ഇപ്പോള്‍ ബെംഗളൂരിലേക്ക് നീട്ടിയതെന്നിരിക്കെ ട്രെയിൻ യാത്ര തുടങ്ങിയിരുന്ന മംഗളൂരു സെൻട്രലില്‍ നിന്നും സ്റ്റോപ്പ് അനുവദിക്കാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സമിതി പറയുന്നത്. തുടക്കത്തില്‍ മംഗളൂരു സെൻട്രലിനും യശ്വന്ത്പൂരിനും ഇടിയിലാണ് വന്ദേഭാരത് സർവ്വീസ് പരീക്ഷണ ഓട്ടം നടത്തിയത്. രണ്ടാം ഘട്ടത്തിലാണ് ജങ്ഷനും യശ്വന്ത്പൂരിനും ഇടയില്‍ പരീക്ഷണ ഓട്ടം നടത്തിയത്. മംഗളൂരു സെൻട്രല്‍ സ്റ്റേഷനില്‍ പ്രവർത്തനപരമായ തടസ്സങ്ങളോ ടെർമിനല്‍ പരിമിതികളോ ഇല്ലെന്ന് ആദ്യ പരീക്ഷണ ഓട്ടത്തില്‍ തെളിഞ്ഞതാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.മംഗളൂരുവിനെയും തീരദേശ കർണാടകയേയും ഗോവയുമായി ബന്ധിപ്പിക്കുന്ന നിണായക സർവ്വീാണ് നിലവിലുള്ള മംഗളൂരു സെൻട്രല്‍-മഡ്ഗാവ് വന്ദേഭാരത്. അതുകൊണ്ട് തന്നെ സെൻട്രല്‍ സ്റ്റേഷൻ ഒഴിവാക്കുന്നത് വഴി വലിയ നഷ്ടമാണ് മാംഗളൂരിനെ സംബന്ധിച്ച്‌ നേരിട്ടിരിക്കുന്നതെന്നും സമിതി പറയുന്നു.

സെൻട്രലില്‍ സ്റ്റേഷൻ ഇല്ലാത്തത് നഗരഹൃദയത്തില്‍ നിന്നുള്ള യാത്രക്കാർക്കും വലയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.നഗരത്തിൻ്റെ ഏത് കോണില്‍ നിന്നാണെങ്കിലും മംഗളൂരു സെൻട്രല്‍ സ്റ്റേഷനിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാൻ സാധിക്കും എന്നാല്‍ മംഗളൂരു ജംഗ്ഷന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും സമിതി പറയുന്നു. മംഗളൂരു സെൻട്രലിലേക്ക് സർവ്വീസ് നീട്ടിയാല്‍ വെറും 15 മിനിറ്റാണ് അധികമായി വരുന്നതെന്നിരിക്കെ എന്തുകൊണ്ടാണ് സ്റ്റേഷനോട് അവഗണന എന്നും ഇവർ ചോദിക്കുന്നു.അതേസമയം മംഗളൂരിനും ഗോവയ്ക്കുമിടയില്‍ 12 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കിയിരുന്ന വന്ദേഭാരത് ട്രെയിൻ ബെംഗളൂരിലേക്ക് നീട്ടിയതില്‍ ഇതിനോടകം തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂറിന് മേല്‍ എടുക്കുന്നുവെന്നതാണ് പ്രധാന പരാതി. ഇത്രയും കൂടുതല്‍ സമയം ആവശ്യമുള്ള റൂട്ടുകളില്‍ വന്ദേഭാരത് സ്ലീപ്പർ ആണ് ഉചിതം എന്നാണ് ഒരു വിഭാഗം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. അതിനിടയില്‍ മംഗളൂരു സെൻട്രലില്‍ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടുമോയെന്നതാണ് ചോദ്യം.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ