ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം? ഹൃദയാഘാതം? ബെംഗളൂരുവില്‍ യാത്രക്കാര്‍ സുരക്ഷിതരോ? ഒരു അഭിഭാഷകന്റെ മരണത്തില്‍ സംഭവിച്ചത്

ബെംഗളൂരു: ഓട്ടോറിക്ഷ കൂലിയെച്ചൊല്ലിയുള്ള തർക്കം, ഹൃദയാഘാതമെന്ന് സംശയിച്ച മരണം, ഒടുവില്‍ കൊലപാതക അന്വേഷണമായി മാറിയ സംഭവം.ഒടുവില്‍, 43 കാരനായ ബെംഗളൂരു അഭിഭാഷകന്റെ മരണം അപ്രതീക്ഷിത വഴിതിരിവിലെത്തി. മർദ്ദനത്തെ തുടർന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ വ്യക്തമായി.കെംഗുണ്ടെ സ്വദേശിയായ ശ്രീറാം എന്ന അഭിഭാഷകന്റെ മരണവുമായി ബന്ധപ്പെട്ട് മഗാദി റോഡിലെ ഗൊളരഹട്ടിയില്‍ നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈവറായ 31 കാരൻ പൃഥ്വിരാജ് അപ്പജിഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോ ഡ്രൈവർമാർക്കായുള്ള തിരച്ചിലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ഒക്ടോബർ 9 ന് രാവിലെ നഗരബാവി ഔട്ടർ റിങ് റോഡിലാണ് ശ്രീറാമിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെട്രോളിംഗിലുണ്ടായിരുന്ന ഹോയ്സാല പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് വൈകുന്നേരം അദ്ദേഹം മരണപ്പെട്ടു. തുടക്കത്തില്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിക്കുകയും ദുരൂഹതയാരോപിച്ച്‌ അന്നപൂർണേശ്വരിനഗർ പൊലീസിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അടുത്തിടെ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ അഭിഭാഷകന്റെ മരണകാരണം തലച്ചോറിലെ രക്തം കട്ടപിടിക്കലാണെന്ന് വ്യക്തമായതോടെയാണ് മരണത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തുനിഞ്ഞത്.

അന്വേഷണം എത്തിനിന്നത് ഓട്ടോ ഡ്രൈവറായ പൃഥ്വിരാജിലേക്കാണ്. ശ്രീറാം പൃഥ്വിരാജിനോട് വണ്ടി ചോദിച്ചെങ്കിലും ഡ്രൈവർ പറഞ്ഞ കൂലി നിരസിക്കുകയായിരുന്നു. മറ്റൊരു ഓട്ടോറിക്ഷ വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം നടന്നുനീങ്ങി. ഇതില്‍ പ്രകോപിതനായ പൃഥ്വിരാജ് അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തതിലൂടെ തലയ്ക്ക് ആന്തരിക പരിക്കുകള്‍ ഉണ്ടായി എന്ന് സംശയിക്കുന്നു. തുടർന്ന് പൊലീസ് ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്തുകയും പൃഥ്വിരാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ശ്രീറാമിന്റെ മൊബൈല്‍ ഫോണും കുറച്ചു പണവും കാണാതായെന്ന ആരോപണങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Related posts

റിൻഷാ മറിയം: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന മലയാളി പെണ്‍കൊടി

ബെംഗളൂരുവിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; പീഡന ആരോപണത്തിന് പിന്നാലെ ഇരുവിഭാഗവും അറസ്റ്റിൽ

കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം