കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം

ബെംഗളൂരു: കര്‍ണാടകയിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി 9.93 മില്യണ്‍ (99.3 ലക്ഷം) വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച്‌ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സതീഷ് ജാര്‍ക്കിഹോളി.കര്‍ണാടകയില്‍ നിയമപരവും കൃത്യവുമായ രീതിയിലാണ് വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ നടന്നതെന്നും, കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ച പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതേ രീതിയിലാണ് ഇത് നടപ്പിലാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവരുടെയും വിവരങ്ങളാണ് നീക്കം ചെയ്തതെന്നും അതിനാല്‍ ഈ നടപടി ന്യായമാണെന്നും ജാര്‍ക്കിഹോളി വ്യക്തമാക്കി.

എന്നാല്‍, വോട്ടര്‍പട്ടിക പുതുക്കലില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച്‌ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം നവംബര്‍ 1-ന് ഡല്‍ഹിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനിരിക്കെയാണ് സ്വന്തം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.ഇതിനിടെ, ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ‘ഹാജരില്ലാത്തവര്‍’ എന്ന് തരംതിരിച്ചവരുടെ കാര്യത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.കെ. ഹരിപ്രസാദ് സംശയം പ്രകടിപ്പിച്ചു.മരണപ്പെട്ടവരെയും ഇരട്ട വോട്ടുള്ളവരെയും ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഇത്രയധികം വോട്ടര്‍മാര്‍ എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെന്നും അതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും ഹരിപ്രസാദ് വ്യക്തമാക്കി.

അതേസമയം, സതീഷ് ജാര്‍ക്കിഹോളിയുടെ പ്രസ്താവന വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ സുതാര്യമായിരുന്നു എന്ന ബി.ജെ.പിയുടെ നിലപാടിനെ ശരിവെക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് ജി.എസ്. പ്രശാന്ത് പ്രതികരിച്ചു.വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വന്തം പാര്‍ട്ടി മന്ത്രി തന്നെ നല്‍കിയ മറുപടിയാണിതെന്നും ബി.ജെ.പി കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടിക പുതുക്കലിന് മുന്‍പ് 55.4 മില്യണ്‍ വോട്ടര്‍മാരുണ്ടായിരുന്ന കര്‍ണാടകയില്‍, അവസാന പട്ടിക പുറത്തുവന്നപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 45.5 മില്യണായി കുറഞ്ഞിട്ടുണ്ട്.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു