ട്രക്ക് പിന്നോട്ടെടുത്ത് പുറത്തിറങ്ങി കട വരാന്തയില്‍ നിന്ന യുവതിയെ ബലമായി തട്ടികൊണ്ടുപോയി

ദില്ലി : ഒഡീഷയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ട്രക്ക് ഡ്രൈവറുടെ അതിക്രമം. യുവതിയെ ഡ്രൈവർ ബലം പ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോകുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വ്യാഴാഴ്ച അർദ്ധരാത്രി നടന്ന സംഭവത്തില്‍ പ്രതിക്കും യുവതിക്കുമായുള്ള ഊര്‍ജിതമായ അന്വേഷണം തുടരുകയാണ് പൊലീസ്. ഭദ്രക് ടൗണിന് സമീപത്തെ ഒരു കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സംഭവം പുറത്തറിയാൻ കാരണമായത്.
ദൃശ്യങ്ങള്‍ പ്രകാരം, പ്രതി സഞ്ചരിച്ച ട്രക്ക് യുവതിയുടെ മുന്നിലൂടെ ആദ്യം നീങ്ങിപ്പോവുകയും നിമിഷങ്ങള്‍ക്കകം പിന്നോട്ട് വന്ന് കടയുടെ മുന്നില്‍ നിർത്തുകയും ചെയ്തു. സംശയം തോന്നിയ യുവതി വരാന്തയുടെ മുന്നിലേക്ക് നടന്നുപോകുന്നത് കാണാം. എന്നാല്‍ ട്രക്കില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി ചുറ്റുപാടുകള്‍ നിരീക്ഷിച്ച്‌ ആരുമില്ലെന്ന് ഉറപ്പുവരുത്തി, യുവതിക്ക് നേരെ ഓടിയടുക്കുകയും അടുത്തുള്ള തൂണിനോട് ചേർത്ത് തടഞ്ഞുനിർത്തുകയും ചെയ്തു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് വരെ കാത്തുനിന്ന ശേഷം, ഇയാള്‍ യുവതിയെ എടുത്ത് ട്രക്കിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളും മറ്റ് രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ വേഗത്തില്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Related posts

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം