ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്.പെണ്‍സുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്. ബെംഗളൂരു യെലഹങ്കള്ളിയില് നിന്നാണ് വാർത്ത പുറത്തുവരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറം സ്വദേശിയായ കിരണ്‍ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരണ്‍. ആനന്ദിന്റെ മകളായ 19കാരിയുമായി കിരണ്‍ അടുപ്പത്തിലായിരുന്നു.
തുടർച്ചയായ അവധി വന്നതോടെ മൈസൂരില്‍ പഠിക്കുന്ന ഈ കുട്ടി തിരിച്ചുവന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരണ്‍ വീട്ടിലെത്തുകയായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകള്‍ക്കൊപ്പം ആനന്ദിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അടിവയറ്റിലുള്പ്പെടെ മർദനമേറ്റു. മർദനത്തെ തുടർന്ന് കിരണ്‍ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.