വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി

വന്ദേഭാരതില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ ഒരു വട കിട്ടിയാല്‍ അതിനുള്ളില്‍ എന്തായിരിക്കും പ്രതീക്ഷിക്കുക? എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് ബെളഗാവിയിലേക്ക് യാത്ര ചെയ്ത ഒരു യാത്രക്കാരന് കിട്ടിയത് വടയ്ക്കുള്ളില്‍ കൂറ്റനൊരു ഇരുമ്പ് ബോള്‍ട്ട്. ഭക്ഷണം കഴിക്കാനായി വട പൊട്ടിച്ചപ്പോഴാണ് അതിനുള്ളില്‍ ലോഹവസ്തു കണ്ടെത്തിയത്. ഇതോടെ സംഭവം വീഡിയോയില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച യാത്രക്കാരൻ ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ചോദ്യമുയർത്തി.സമർത്ത് കോഡിയാല്‍ എന്ന യാത്രക്കാരനാണ് എക്സിലൂടെ വീഡിയോ പങ്കുവെച്ചത്. പ്ലേറ്റില്‍ രണ്ടായി പൊട്ടിച്ചുവെച്ച വടയും അതിനടുത്തായി വലിയൊരു ബോള്‍ട്ടും വീഡിയോയില്‍ വ്യക്തമായി കാണാം.

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് യാത്രയ്ക്കിടെയാണ് സംഭവം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും അധികൃതർ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനായ ഐആർസിടിസിയും രംഗത്തെത്തി. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ഐആർസിടിസി, ബന്ധപ്പെട്ട ഭക്ഷണ വിതരണക്കാർക്കെതിരെ നടപടിയെടുത്തതായും അറിയിച്ചു.സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനത്തിനും പരിഹാസത്തിനും വഴിവെച്ചു.

വടയ്ക്കുള്ളില്‍ ബോള്‍ട്ട് കണ്ടെത്തിയതിനെ ‘അയണ്‍ സപ്ലിമെന്റ്’ എന്നാണ് ഒരാള്‍ പരിഹസിച്ചത്. ഇന്ത്യൻ ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണം എപ്പോഴാണ് അന്താരാഷ്ട്ര നിലവാരത്തിലെത്തുകയെന്നും ചിലർ ചോദിച്ചു. പണം എത്ര നല്‍കിയാലും യാത്രക്കാർക്ക് കിട്ടുന്നത് മോശം ഭക്ഷണമാണെന്നും പാക്കിങ്ങില്‍ മാത്രമാണ് മാറ്റമെന്നുമായിരുന്നു മറ്റുചിലരുടെ വിമർശനം. ഭക്ഷണം തയ്യാറാക്കുന്ന അടുക്കളകളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനങ്ങളില്ലേയെന്നും ഇത്തരമൊരു വസ്തു ഭക്ഷണത്തിലെത്തുന്നത് എങ്ങനെ തടയാനായില്ലെന്നും നിരവധി പേർ ചോദ്യം ഉന്നയിച്ചു. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണത്തിന്റെ ഗുണനിലവാരം ഇങ്ങനെയാണെങ്കില്‍ മറ്റ് ട്രെയിനുകളിലെ സ്ഥിതി എന്തായിരിക്കുമെന്ന ചോദ്യവും സംഭവത്തോടെ ഉയരുകയാണ്.

Related posts

ബെംഗളൂരു മെട്രോ ജപ്പാന്‍ മാതൃകയില്‍ വികസിപ്പിക്കും; പാര്‍ക്കിംഗിന് അഞ്ചേക്കര്‍ സ്ഥലം: ഡികെ ശിവകുമാര്‍

ബെംഗളൂരു സബര്‍ബനില്‍ കുതിക്കാനൊരുങ്ങുന്നു; യാഥാര്‍ഥ്യമാകാൻ രണ്ട് ഇടനാഴികള്‍, ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി

സമരസ്വാത്രന്ത്യത്തിനായി ബംഗളുരുവില്‍ സമരം: 100 പേര്‍ കസ്‌റ്റഡിയില്‍