സമരസ്വാത്രന്ത്യത്തിനായി ബംഗളുരുവില്‍ സമരം: 100 പേര്‍ കസ്‌റ്റഡിയില്‍

ബംഗളുരു: ബംഗളുരുവിലെ പൊതുസ്‌ഥലങ്ങളില്‍ പ്രതിഷേധിക്കാനുള്ള അവകാശം പുനഃസ്‌ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരത്തിനിറങ്ങിയ നൂറോളംപേരെ ഇന്നലെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.സിവില്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്‌മയായ ‘ക്യാമ്പെയ്‌ന്‍ ഫോര്‍ ദ റൈറ്റ്‌ ടു പ്ര?ട്ടസ്‌റ്റ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമ, മൗര്യ സര്‍ക്കിള്‍, വിധാന്‍ സൗധയ്‌ക്ക് സമീപമുള്ള അംബേദ്‌കര്‍ പ്രതിമ എന്നിവിടങ്ങളിലാണ്‌ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്‌. ഇതില്‍ മൗര്യ സര്‍ക്കിളില്‍ നിന്നാണ്‌ ഭൂരിഭാഗം പേരെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയാണ്‌ പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്‌. കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കാന്‍ സ്വന്തം മന്ത്രിമാര്‍ക്ക്‌ അനുമതി നല്‍കുന്ന സര്‍ക്കാര്‍, സാധാരണക്കാരുടെ പ്രതിഷേധങ്ങളെ ‘ഫ്രീഡം പാര്‍ക്കില്‍’ മാത്രമായി ഒതുക്കിനിര്‍ത്തുന്നുവെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

‘സമരത്തെക്കുറിച്ച്‌ ഇന്നലെ തന്നെ പോലീസില്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ നോട്ടീസ്‌ ലഭിച്ചിരുന്നു. ഇന്ന്‌ മൗര്യ സര്‍ക്കിളില്‍ ഒത്തുചേര്‍ന്നപ്പോള്‍, അവിടെ നിന്ന്‌ മാറി ഫ്രീഡം പാര്‍ക്കിലേക്ക്‌ പോയി സമരം തുടരാന്‍ പോലീസ്‌ ആവശ്യപ്പെട്ടു.എന്നാല്‍, ഈ നിയന്ത്രണത്തിനെതിരെയാണ്‌ ഞങ്ങള്‍ സമരം ചെയ്യുന്നതെന്ന്‌ അവരോട്‌ വിശദീകരിക്കാന്‍ ശ്രമിച്ചു’- അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനയ്‌ ശ്രീനിവാസ്‌ പറഞ്ഞു. ‘ഫ്രീഡം പാര്‍ക്കില്‍ നിന്നുള്ള മോചനം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സമരക്കാരുടെ പ്രതിഷേധം. പ്രതിഷേധങ്ങള്‍ ഫ്രീഡം പാര്‍ക്കില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനെതിരേ നഗരവ്യാപകമായി സംഘടിപ്പിച്ച ‘സിവില്‍ ഡിസൊബീഡിയന്‍സ്‌’ (നിയമലംഘന) സമരത്തിന്റെ ഭാഗമായാണ്‌ ഇന്നലെ സമരവേലിയേറ്റങ്ങള്‍ നടന്നതും.

മൗര്യ സര്‍ക്കിളില്‍ നിന്ന്‌ വിധാന്‍ സൗധയ്‌ക്ക് സമീപമുള്ള അംബേദ്‌കര്‍ പ്രതിമയിലേക്ക്‌ മാര്‍ച്ച്‌ നടത്താനായിരുന്നു പ്രതിഷേധക്കാരുടെ പദ്ധതി. പ്രതിഷേധങ്ങളെ ഫ്രീഡം പാര്‍ക്കില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്ന ബംഗളുരു സിറ്റി പോലീസ്‌ കമ്മീഷണറുടെ 2021-ലെ ‘ലൈസന്‍സിങ്‌ ആന്‍ഡ്‌ റെഗുലേഷന്‍ ഓഫ്‌ പ്ര?ട്ടസ്‌റ്റ്സ്‌, ഡെമോണ്‍സ്‌ട്രേഷന്‍സ്‌ ആന്‍ഡ്‌ പ്ര?ട്ടസ്‌റ്റ് മാര്‍ച്ച്‌സ്’ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്ന്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പൗരന്മാരുടെ ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെയും ഈ നിയന്ത്രണം ഹനിക്കുന്നുവെന്ന്‌ അവര്‍ വാദിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ സമീപവും മറ്റ്‌ പൊതുസ്‌ഥലങ്ങളിലും പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നാണ്‌ കൂട്ടായ്‌മയുടെ ആവശ്യം. എങ്കില്‍ മാത്രമേ പൗരന്മാര്‍ക്ക്‌ തങ്ങളുടെ പരാതികള്‍ അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ നേരിട്ട്‌ എത്തിക്കാന്‍ കഴിയൂ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പോലീസ്‌ ഹൈക്കോടതി ഉത്തരവിനെക്കുറിച്ചാണ്‌ എപ്പോഴും പറയുന്നത്‌. എന്നാല്‍ ഹൈക്കോടതി ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് മുകളിലാണോ? ഭരണഘടന പ്രകാരം, പ്രതിഷേധിക്കാനുള്ള അവകാശം തടയാന്‍ ആര്‍ക്കും കഴിയില്ല,’- ടി. നരസിംഹ മൂര്‍ത്തി പറഞ്ഞു. ഒക്‌ടോബറില്‍ നടന്ന വട്ടമേശ ചര്‍ച്ചയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധിയായി നവംബര്‍ 26 (ഭരണഘടനാ ദിനം) സര്‍ക്കാര്‍ മുന്നില്‍ വച്ചിരുന്നു.

ഫ്രീഡം പാര്‍ക്കിന്‌ പുറത്ത്‌ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ്‌ ട്രേഡ്‌ യൂണിയന്‍സ്‌ (എ.ഐ.സി.സി.ടി.യു), ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമന്‍സ്‌ അസോസിയേഷന്‍ (എ.ഐ.ഡി.ഡബ്ല്യു.എ.), ഓള്‍ ഇന്ത്യ സ്‌റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ), റെവല്യൂഷണറി യൂത്ത്‌ അസോസിയേഷന്‍ (ആര്‍.വൈ.എ), ‘സ്ലം ജനറ സംഘടന’ ‘മൈ വോട്ട്‌, മൈ റൈറ്റ്‌’ ക്യാമ്പെയ്‌ന്‍ തുടങ്ങിയ സംഘടനകള്‍ ഇന്നലത്തെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

Related posts

ലോഡ്ജിൽ 22കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി; തർക്കം അതിരുവിട്ടതോടെ യുവതിയെ കൊലപ്പെടുത്തി, ജീവനക്കാർക്ക് ഞെട്ടൽ

ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സബര്‍ബൻ റെയില്‍വേ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു

എഥനോൾ വിവാദം: എണ്ണക്കമ്പനികൾക്കെതിരെ കർണാടകയുടെ നടപടി; ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് കേരളം മൂന്നാം തവണയും കത്ത് നൽകി