കൊച്ചി: വാഴക്കുലയ്ക്കുള്ളില് ഒളിപ്പിച്ച് വൻതോതില്‍ എംഡിഎംഎ കടത്തിയ കേസില്‍ കർണാടക പൊലീസും അന്വേഷണം ആരംഭിച്ചു.കേസിന്റെ വിശദാംശങ്ങള്‍ തേടി കർണാടക പൊലീസ് എറണാകുളം റൂറല്‍ പൊലീസിനെ സമീപിച്ചു.അതിനിടെ, കേസിലെ മുഖ്യപ്രതി ധനേഷിന്റെ മൂന്ന് കൂട്ടാളികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ, എറണാകുളം സ്വദേശികളായ ഇവർ നിലവില്‍ ഒളിവിലാണ്. പ്രതികളുടെ ഫോണുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ആലുവയില്‍ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതി ഹരികൃഷ്ണന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.മൈസൂരിലെ നഞ്ചൻഗുഡുവില് വാഴത്തോട്ടം നടത്തിയിരുന്ന ‘ഡാനി ഭായ്’ എന്ന വിളിപ്പേരുള്ള ധനേഷ് എസ്. നായരുടെ നേതൃത്വത്തിലാണ് ഇത് ആസൂത്രണം ചെയ്തത്. കേരളത്തിലേക്ക് വരുന്ന വാഴക്കുല ലോഡുകളിലാണ് ലഹരി ഒളിപ്പിച്ച് കടത്തിയിരുന്നത്. ജർമ്മനിയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദം നേടിയിട്ടുള്ള ധനേഷ്, മികച്ച യുവ കർഷകനുള്ള അവാർഡുകളും നേടിയിട്ടുണ്ട്.