ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എത്തിയതോടെ യാത്രക്കാര്‍ കൂടുതല്‍ സൗകര്യമായിരിക്കുകയാണ്.ഇരുനഗരങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചെലവ് ചുരുക്കാന്‍ ഏറ്റവും ഫലപ്രദമായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എന്നാണ് കണക്കാക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ടിക്കറ്റിന് പകുതി കാശേ വരുന്നുള്ളൂ എന്നതാണ് ഇതിന് കാരണം.വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കൂടുതല്‍ ലാഭകരമായ യാത്ര വാഗ്ദാനം ചെയ്യുമ്പോള്‍ വിമാനയാത്ര സമയം ഗണ്യമായി ലാഭിക്കാന്‍ സഹായിക്കുന്നു. നവംബര്‍ 1-ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്ത ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍, നവംബര്‍ 2-ന് മുംബൈയില്‍ നിന്നും നവംബര്‍ 3-ന് ബെംഗളൂരുവില്‍ നിന്നും വാണിജ്യ സര്‍വീസുകള്‍ ആരംഭിച്ചു.ഏകദേശം 1118 കിലോമീറ്റര്‍ ദൂരം 16 മണിക്കൂറുകൊണ്ട് പിന്നിടുന്ന ഈ ട്രെയിനില്‍ മൂന്ന് തരം യാത്രാ ക്ലാസുകളാണുള്ളത്.
ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ചാല്‍, എസി 3-ടയറിന് 2810 രൂപയും, എസി 2-ടയറിന് 3630 രൂപയും, ഫസ്റ്റ് എസിക്ക് 4450 രൂപയുമാണ്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍, ഇത് യഥാക്രമം ഏകദേശം 2.51 രൂപ, 3.25 രൂപ, 3.98 രൂപ എന്നിങ്ങനെ വരുന്നു.ഇതിനു പുറമെ ജിഎസ്ടിയും ഈടാക്കും. ഈ സര്‍വീസില്‍ കണ്‍ഫോം ചെയ്ത ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ആര്‍എസി അല്ലെങ്കില്‍ വെയ്റ്റ്ലിസ്റ്റ് സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമല്ല. അതേസമയം വേഗത്തില്‍ എത്തുക എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിമാനയാത്ര തന്നെയാണ് നല്ലത്. ഇന്ന് ബെംഗളൂരു-മുംബൈ വിമാന യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 4178 രൂപയാണ്.ഏകദേശം 835 കിലോമീറ്റര്‍ വരുന്ന വ്യോമദൂരം പിന്നിടാന്‍ നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ക്ക് ഏകദേശം ഒരു മണിക്കൂറും 55 മിനിറ്റും മതിയാകും. ഇത് കിലോമീറ്ററിന് ഏകദേശം 5 രൂപ എന്ന നിരക്കിന് തുല്യമാണ്. അതായത്, വന്ദേ ഭാരത് സ്ലീപ്പറിലെ എസി 3-ടയര്‍ ടിക്കറ്റിനെ അപേക്ഷിച്ച് വിമാനയാത്രയ്ക്ക് 1,368 രൂപ അധികം നല്‍കേണ്ടി വരുമെങ്കിലും, ഏകദേശം 14 മണിക്കൂര്‍ യാത്രാ സമയം ലാഭിക്കാന്‍ സാധിക്കും.
എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര, ചെക്ക്-ഇന്‍, കാത്തിരിപ്പ് സമയം എന്നിവ ഈ താരതമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ, യാത്രാ തീയതികളും തിരക്കും അനുസരിച്ച് വിമാന നിരക്കുകളില്‍ മാറ്റം വരാം. ഈ ട്രെയിന്‍ വൈകുന്നേരം 7:45-ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്, പിറ്റേദിവസം രാവിലെ 11:55-ന് മുംബൈ സിഎസ്എംടിയില്‍ എത്തിച്ചേരുന്നതാണ്. മടക്കയാത്രയില്‍, രാത്രി 8:10-ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയോടെ ബെംഗളൂരുവിലെത്തുന്നു.അനന്തപൂര്‍, ഗുന്തക്കല്‍, റായ്ച്ചൂര്‍, യാദ്ഗിര്‍, കലബുറഗി, സോലാപൂര്‍, പൂനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്ചകളിലും, മുംബൈയില്‍ നിന്നുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതല്ല. ഹുബ്ബള്ളി വഴിയുള്ള മറ്റൊരു ബെംഗളൂരു-മുംബൈ സ്ലീപ്പര്‍ സര്‍വീസിനെക്കുറിച്ചും റെയില്‍വേ മന്ത്രി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ റൂട്ട്, സമയക്രമം, ആരംഭിക്കുന്ന തീയതി എന്നിവ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.