കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം പേര്‍ത്ത് പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.പേസിഎം’, ‘40% ഇവിടെ സ്വീകരിക്കും’ എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേര്‍ത്ത് പോസ്റ്റര്‍ പതിപ്പിച്ചതിനാണ് കോണ്‍ഗ്രസ് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ക്യൂ ആര്‍ കോഡിന്‍്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്.

സമൂഹമാധ്യമ വിഭാഗം മുന്‍ തലവന്‍ ബിആര്‍ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാര്‍ട്ട്മെന്‍്റില്‍ നിന്നാണ് രാത്രി 2 മണിയോടെ പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിഭ്രാന്തയായ ഇദ്ദേഹത്തിന്‍്റെ ഭാര്യ കോണ്‍ഗ്രസ് സമൂഹമാധ്യമ ടീമിനെയും മറ്റ് നേതാക്കളെയും ബന്ധപ്പെട്ടെന്ന് ടീമിലെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ ടീമിലെ പ്രമുഖനായ ഡിഎ ഗഗന്‍ യാദവാണ് പിടിയിലായ മറ്റൊരു നേതാവ്. കോണ്‍ഗ്രസ് നേതാവ് ഡി എ ഗോപാലിന്‍്റെ മകനും മുന്‍ മന്ത്രി എ കൃഷ്ണപ്പയുടെ അനന്തിരവനുമാണ് ഗഗന്‍. കെ ആര്‍ പുരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ സദാശിവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു എന്നാണ് വിവരം. രണ്ടു നേതാക്കളെയും പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ചതെങ്കിലും പൊതുസ്ഥലം വൃത്തികേടാക്കിയതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.രാത്രി നടന്ന നാടകീയമായ അറസ്റ്റ് അധികം വൈകാതെ തന്നെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിഞ്ഞു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ എല്ലാ പ്രവര്‍ത്തകരെയും ഇത് അറിയിക്കുകയും ചെയ്തു.

ബിആര്‍ നായിഡുവിനെ അറസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച്‌ കെപിസിസി വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍്റെ വീട്ടുകാര്‍ പരിഭ്രാന്തരാണെന്നും മാധ്യമ പ്രതിനിധികള്‍ ഹൈ ഗ്രൗണ്ട്സിന് അടുത്തെത്തണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.പേസിഎം പോസ്റ്ററുകള്‍ പതിച്ചവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് കമ്മീഷണര്‍ സി എച്ച്‌ പ്രതാപ് റെഡ്ഡി പറഞ്ഞിരുന്നു.

പൊതുസ്ഥലം വികൃതമാക്കല്‍ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സെന്‍ട്രല്‍ ഡിവിഷന്‍ പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് സമാന പോസ്റ്ററുകള്‍ തങ്ങളുടെ മേഖലകളില്‍ ഉണ്ടെങ്കില്‍ കണ്ടെത്തണമെന്ന് മറ്റു സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതനുസരിച്ചാണ് ഹൈ ഗ്രൗണ്ട്സ് പോലീസും സദാശിവ് നഗര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനെ തുടര്‍ന്നായിരുന്നു നേതാക്കന്മാരെ അറസ്റ്റ് ചെയ്തത്.

ഇതിനു പുറമേ ശേഷാദ്രിപുരം പോലീസും കേസെടുത്തിട്ടുണ്ട്.നഗരത്തിന്‍്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പോസ്റ്ററുകള്‍ പതിച്ചവരെ കണ്ടെത്താനായി സിസിടിവി അടക്കം പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നഗരത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിച്ച പോസ്റ്ററുകള്‍ പലയിടങ്ങളിലും നഗരസഭാ അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്