ആരാധനയെന്നാല്‍ ഇതാണ്! ഹാര്‍ദിക് പാണ്ഡ്യയെ കാണാൻ 2,390 കിലോമീറ്റര്‍ നടന്ന് ആരാധകൻ; കെട്ടിപ്പിടിച്ച്‌ സ്വാഗതം ചെയ്ത് താരം!

ബെംഗളൂരു: ലക്നൗവില്‍ നിന്നുള്ള രവി കുമാർ റാവത്ത് എന്ന ആരാധകൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ കാണാൻ ഏകദേശം 2,390 കിലോമീറ്റർ ദൂരം കാല്‍നടയായി യാത്ര ചെയ്തു!ലക്നൗവില്‍ നിന്ന് കാല്‍നടയായി മുംബൈയിലെത്തുകയും തുടർന്ന് ബെംഗളൂരുവിലേക്ക് യാത്ര തുടരുകയും ചെയ്ത രവി ഒടുവില്‍ തന്റെ ആരാധനാപാത്രത്തെ നേരില്‍ കണ്ടുമുട്ടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലാണ് ഈ ഹൃദ്യമായ കൂടിക്കാഴ്ചയുള്ളത്.ലക്നൗവില്‍ നിന്ന് യാത്ര ആരംഭിച്ച രവി, ഹാർദിക്കിനെ കാണുകയെന്ന ലക്ഷ്യത്തോടെ ഏകദേശം 1,400 കിലോമീറ്റർ നടന്ന് മുംബൈയിലെത്തി. അവിടെ നിന്ന് ബെംഗളൂരുവിലേക്ക് വീണ്ടും 990 കിലോമീറ്റർ കൂടി അദ്ദേഹം കാല്‍നടയായി പിന്നിട്ടു. അങ്ങനെ മൊത്തത്തില്‍ 2,390 കിലോമീറ്ററോളമാണ് അദ്ദേഹം നടന്ന് തീർത്തത്!

ഇന്ത്യൻ താരവുമായി രവി ആശയവിനിമയം നടത്തുന്നതിന്റെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസില്‍ പരിശീലനവും വിശ്രമവും തുടരുന്ന ഹാർദിക് പാണ്ഡ്യ, ഈ വർഷത്തിന്റെ തുടക്കത്തിലാണ് തന്റെ താമസം മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയത്.കൂടിക്കാഴ്ചയ്ക്കിടെ രവിയെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച ഹാർദിക് അദ്ദേഹത്തോട് സംസാരിച്ചു. ആരാധകന്റെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ തന്റെ മാനേജറോട് ആവശ്യപ്പെട്ട താരം, മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നും ചോദിച്ചറിഞ്ഞു. എന്തെങ്കിലും വേണമെങ്കില്‍ പറഞ്ഞോളൂ എന്ന് ഹാർദിക് സ്നേഹത്തോടെ ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.ആരാധകനോട് ഹാർദിക് കാട്ടിയ സ്നേഹവായ്പിന് സോഷ്യല്‍ മീഡിയയില്‍ കൈയടി തുടരുകയാണ്. എന്തായാലും രവിയെ സമ്മതിക്കണം, ആരാധന തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയായിരിക്കും അല്ലേ?

Related posts

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത