ഒരു ദശാബ്ദക്കാലത്തെ സേവനം: ഫ്ലിപ്കാര്‍ട്ട് സിഇഒ സ്ഥാനത്തുനിന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പടിയിറങ്ങുന്നു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി രാജിവെക്കും.ഫ്ലിപ്കാര്‍ട്ടുമായുള്ള 11 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് പടിയിറങ്ങുന്നത്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി. ഇടക്കാലത്തേക്ക് ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ടെക്‌നോളജി ഓഫീസര്‍ ബാലാജി ത്യാഗരാജനും ഫ്ലിപ്കാർട്ട് ബോര്‍ഡും ചേര്‍ന്നായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

2013ലാണ് കൃഷ്ണമൂര്‍ത്തി ഫ്ലിപ്കാർട്ടിന്റെ ഭാഗമാകുന്നത്. 2017 ജനുവരിയില്‍ സിഇഒ ആയും 2018ല്‍ ഗ്രൂപ്പ് സിഇഒ ആയും ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ ബിസിനസ്സ് അഞ്ചിരട്ടിയിലധികം വളരുകയും ഇന്ത്യയിലെ മത്സരാധിഷ്ഠിത ഡിജിറ്റല്‍ കൊമേഴ്സ് മേഖലയില്‍ ഫ്ലിപ്കാർട്ടിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്‌തെന്ന് കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ വാര്‍ഷിക വിപണന മേളയായ ‘ദി ബിഗ് ബില്യണ്‍ ഡേയ്സ്’ വിപുലീകരിക്കല്‍, ചെറുകിട നഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കല്‍ എന്നിവ അദ്ദേഹത്തിന്റെ നേതൃകാലത്തെ പ്രധാന നേട്ടങ്ങളാണ്.ക്വിക്ക് കൊമേഴ്സ്, ഫിന്‍ടെക്, യാത്ര, ഫാഷന്‍ എന്നീ മേഖലകളില്‍ പുതിയ ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിനോടൊപ്പം തങ്ങളുടെ പ്രധാന മാര്‍ക്കറ്റ്‌പ്ലേസ് വികസിപ്പിക്കുന്നതിനായി ഫ്ലിപ്കാർട്ട് പ്രവര്‍ത്തനം തുടരുന്നതിനിടയിലാണ് ഈ നേതൃമാറ്റം. നിലവില്‍ 50 കോടിയോളം ഉപയോക്താക്കളും 14 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാരും ഫ്ലിപ്കാര്‍ട്ടിനുണ്ട്.

Related posts

നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ ഉയരും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 291 കോടിയുടെ പദ്ധതി

ബെംഗളൂരുവില്‍ യുവാവ് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവഗുരുതരം

2035ഓടെ ഉത്തര കര്‍ണാടക പുതിയ സംസ്ഥാനം? ബിജെപി എംഎല്‍എയുടെ പ്രവചനം വിവാദത്തില്‍