സി ജെ റോയിയുടെ സംസ്കാരം ഇന്ന്; മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു, ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും

ബെംഗളൂരു: ബെംഗളൂരുവില്‍ അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയില്‍ ആയിരിക്കും സംസ്കാരം.പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.

കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും സീമന്ത്‌ കുമാർ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്‌മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ഇന്നലെയാണ് റോയിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്