മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ മുൻഭാര്യ ധനശ്രീ വർമ്മയെ ഗർഭിണിയായിരിക്കെ വഞ്ചിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നടിയും റേഡിയോ ജോക്കിയുമായ മഹ്വാഷിന്റെ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇതിന് പിന്നിൽ.പിങ്ക്വില്ലയ്ക്ക് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ മഹ്വാഷ് തന്റെ പഴയ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. 19-ാം വയസ്സിൽ അലിഗഢിൽ താമസിക്കുന്നതിനിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായി പ്രണയത്തിലായെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിനെ തുടർന്ന് കുടുംബവുമായി പോലും തർക്കമുണ്ടായെന്നും അവർ പറഞ്ഞു.
താൻ പലതവണ ക്ഷമിച്ചിട്ടും ആ വ്യക്തി തന്നെ വഞ്ചിച്ചെന്നും ബന്ധത്തെത്തുടർന്ന് മാനസികാരോഗ്യം മോശമായെന്നും മഹ്വാഷ് വെളിപ്പെടുത്തി. കടുത്ത പരിഭ്രാന്തിയും വിഷാദവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നെന്നും അവർ പറഞ്ഞു. ഇക്കാര്യം അന്നത്തെ പ്രതിശ്രുതവരനോട് പറഞ്ഞപ്പോൾ പിന്തുണയ്ക്കുന്നതിന് പകരം പരിഹസിച്ചെന്നും മഹ്വാഷ് വ്യക്തമാക്കി.പിന്നീട് ആ വ്യക്തി മറ്റൊരാളെ വിവാഹം കഴിച്ചെന്നും ഗർഭിണിയായ ഭാര്യയെ വഞ്ചിച്ചതിനെ തുടർന്ന് വിവാഹമോചനം നേടിയെന്നും അറിഞ്ഞതായി മഹ്വാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് ‘വഞ്ചിക്കുന്നവർ എപ്പോഴും വഞ്ചിക്കും’ എന്ന അർഥത്തിലുള്ള പരാമർശവും അവർ നടത്തിയത്.പോഡ്കാസ്റ്റിലെ ഈ ഭാഗം മാത്രം മുറിച്ചെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് മഹ്വാഷ് പറയുന്നത് ചഹലിനെക്കുറിച്ചാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്.
ചഹലും മഹ്വാഷും നേരത്തെ പൊതുപരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും അഭ്യൂഹങ്ങൾക്ക് കാരണമായി.ധനശ്രീ വർമ്മയുമായുള്ള ചഹലിന്റെ വിവാഹമോചനം 2025 മാർച്ചിലാണ് പൂർത്തിയായത്. എന്നാൽ, മഹ്വാഷ് പോഡ്കാസ്റ്റിൽ പറഞ്ഞ പഴയ പ്രണയബന്ധത്തിന് ചഹലുമായോ ധനശ്രീയുമായോ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ചഹലിന്റെയും ധനശ്രീയുടെയും വിവാഹമോചന സമയത്ത് ധനശ്രീ ഗർഭിണിയായിരുന്നുവെന്നതിനും സ്ഥിരീകരണമില്ല.മഹ്വാഷിന്റെ വ്യക്തിപരമായ അനുഭവം ചഹലിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതാണ് പുതിയ വിവാദത്തിന് കാരണമായത്.