ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് നാഷണല്‍ തലത്തില്‍ പോലും വലിയ ചർച്ചയായി മാറിയതിന് പിന്നാലെ, നേഹയുടെ മാതാപിതാക്കളുടെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി മുൻ സീസണ്‍ മത്സരാർത്ഥിയായ സായ് കൃഷ്ണ രംഗത്തെത്തിയിരിക്കുന്നു.സഹമത്സരാർത്ഥിയായ താഷിയുമായുള്ള നേഹയുടെ അടുപ്പത്തെ എതിർത്ത് മാതാപിതാക്കള്‍ ഷോയില്‍ എത്തിയതും മകളെ പരസ്യമായി കുറ്റപ്പെടുത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ സമ്മർദ്ദങ്ങള്‍ക്ക് മുന്നില്‍ പതറാതെ, താൻ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്ന നേഹയെ സായ് കൃഷ്ണ അഭിനന്ദിക്കുകയും, വിഷമകരമായ ആ സാഹചര്യത്തെ കുട്ടി വളരെ പക്വതയോടെ കൈകാര്യം ചെയ്തു എന്ന് വ്യക്തമാക്കുകയും ചെയ്തു.മകളില്‍ പൂർണ്ണമായ വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ മാതാപിതാക്കള്‍ ഷോയില്‍ പോയി ഇങ്ങനെയൊരു ‘ഷോ ഓഫ്’ കാണിക്കില്ലായിരുന്നു എന്ന് സായ് കൃഷ്ണ കുറ്റപ്പെടുത്തുന്നു.
യൂട്യൂബ് വീഡിയോകളും സമൂഹത്തിലെ നാല് ആളുകളുടെ കമന്റുകളും നോക്കിയാണോ സ്വന്തം മകളെ മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടത് എന്ന് ചോദിച്ച അദ്ദേഹം, നേഹയുടെ മാതാപിതാക്കളുടെ പാരന്റിംഗ് രീതി തികച്ചും ടോക്സിക്കും ദുരന്തവുമാണെന്നും തുറന്നടിച്ചു. മകളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെ അംഗീകരിക്കുന്നതിന് പകരം ഷോയില്‍ പോയി ഇങ്ങനെയെല്ലാ1 ചെയ്തത് വഴി സ്വന്തം മകളെ ജനങ്ങളുടെ മുന്നിലേക്ക് വലിച്ചെറിയുകയാണ് അവർ ചെയ്തതെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.മഹല്ലുകാരും പള്ളിക്കാരും കുടുംബക്കാരും നല്‍കിയ സമ്മർദ്ദവും നാട്ടുക്കാരുടെ കുത്തുവാക്കുകളുമാകാം മാതാപിതാക്കളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് സായ് കൃഷ്ണ നിരീക്ഷിക്കുന്നു. എന്നാല്‍ സമൂഹത്തിന്റെ കണ്ണുരുട്ടലുകള്‍ക്ക് മുന്നില്‍ തളരാതെ നേഹ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് ചെയ്തത്. ഈ സംഭവത്തോടെ മാതാപിതാക്കള്‍ക്ക് സമൂഹത്തിന് മുന്നില്‍ ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നെങ്കിലും, നേഹയുടെ ഗെയിം ഗ്രാഫ് ദേശീയ തലത്തില്‍ പോലും ഉയരുകയാണ് ഉണ്ടായത്. കാര്യങ്ങള്‍ ഇത്രയും വഷളാക്കാതെ, മാതാപിതാക്കള്‍ നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.