അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് അബ്ദുൾ അൽ-സഈദ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ, ആ ആവേശം അതിർത്തികൾ കടന്ന് ഇന്ത്യയിലെ കർണാടകയിലുള്ള ഭട്കൽ എന്ന തീരദേശ നഗരത്തിലും അലയടിക്കുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി 42-കാരനായ അൽ-സഈദ് യു.എസ് ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം സെനറ്ററായി മാറുമ്പോൾ, ഈ ചരിത്ര വിജയത്തിന് ഭട്കലുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത സൈക്യാട്രിസ്റ്റുമായ ഡോ. സാറ ജൂകാകു വഴിയാണ്.നൂറ്റാണ്ടുകളുടെ സമുദ്ര വ്യാപാര പാരമ്പര്യമുള്ള ഭട്കൽ നഗരത്തിലാണ് സാറയുടെ കുടുംബവേരുകൾ ഉറച്ചിരിക്കുന്നത്.
മുൻ മൈസൂർ സംസ്ഥാനത്ത് ബി.ഡി ജട്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ധനകാര്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായിരുന്ന ജൂകാകു ഷംസുദ്ദീനാണ് സാറയുടെ മുത്തശ്ശൻ. ഭട്കലിലും പരിസര പ്രദേശങ്ങളിലും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഭട്കലിലെ ഏറ്റവും തിരക്കേറിയ കവലയ്ക്ക് ‘ഷംസുദ്ദീൻ സർക്കിൾ’ എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്. സാറയുടെ പിതാവ് ഡോ. ജൂകാകു എസ് തയ്യിബ് വളർന്നതും ഭട്കലിലാണ്. 1976-ൽ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ അദ്ദേഹം മിഷിഗണിൽ പ്രശസ്തനായ ഡോക്ടറായി മാറുകയായിരുന്നു.അമേരിക്കയിൽ ജനിച്ചുവളർന്ന സാറയും പിതാവിന്റെ വഴി പിന്തുടർന്നാണ് വൈദ്യശാസ്ത്ര രംഗത്തേക്ക് എത്തിയത്.
മിഷിഗൺ സർവകലാശാല, ഓക്സ്ഫോർഡ്, കൊളംബിയ സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സാറ, മിഷിഗൺ സർവകലാശാലയിലെ പഠനകാലത്താണ് അൽ-സഈദുമായി പ്രണയത്തിലാകുന്നത്. 2006 മെയ് മാസത്തിൽ, സാറയ്ക്ക് 19 വയസ്സുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം. എമ്മിലി, സെറീൻ എന്നീ രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. കുടുംബവേരുകൾ ഭട്കലിലായതുകൊണ്ട് തന്നെ അൽ-സഈദിന്റെ ചരിത്ര വിജയം സ്വന്തം നേട്ടമായാണ് ഭട്കൽ നഗരം ആഘോഷിക്കുന്നത്.