ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതം ഇനി കൂടുതല്‍ സുഗമമാകും. ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ 7.5 കിലോമീറ്റർ എലിവേറ്റഡ് (ഉയർത്തിയ പാത) ഭാഗം ഉദ്ഘാടനം നാളെ (വെള്ളി).പ്രധാനമന്ത്രി നരേന്ദ്ര മോദി റൂട്ട് ഉദ്ഘാടനം ചെയ്യും. നവംബർ 14 മുതല്‍ പൊതുജനങ്ങള്‍ക്കായി സർവീസുകള്‍ ആരംഭിക്കും. ബെംഗളൂരു മെട്രോയ്ക്കുള്ള കേന്ദ്രത്തിന്റെ ധനസഹായം സംബന്ധിച്ച തർക്കവിഷയം തുടരുന്നതിനിടെയാണ് പിങ്ക് ലൈൻ ഭാഗികമായി തുറക്കുന്നത്.നവംബർ 14 രാവിലെ 6 മണി മുതല്‍ പുതിയ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തുടക്കത്തില്‍ എട്ട് മിനിറ്റ് ഇടവേളകളില്‍ അഞ്ച് ട്രെയിനുകള്‍ സർവീസ് നടത്തും. ബന്നാർഘട്ട റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് പുതിയ പാത വലിയ ആശ്വാസമാകും.
ജയദേവ മെട്രോ സ്റ്റേഷനില്‍ മറ്റ് ലൈനുകളിലേക്ക് മാറാനുള്ള (ഇന്റർചേഞ്ച്) സൗകര്യം ഉള്ളതിനാല്‍ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.പുതിയ പാത തുറക്കുന്നതോടെ ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103 കിലോമീറ്ററായി ഉയരും. മെട്രോ ശൃംഖല ആദ്യമായാണ് 100 കിലോമീറ്റർ എന്ന നാഴികക്കല്ല് മറികടക്കുന്നത്.ബെംഗളൂരു മെട്രോ പദ്ധതികളുടെ ആകെ ചെലവിന്റെ ഏകദേശം 84 ശതമാനവും വഹിച്ചത് കർണാടക സർക്കാരാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയതോടെ തർക്കം മുറുകുകയാണ്. പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിഹിതമാണ് ചോദ്യം ചെയ്യപ്പെടുന്നത്. നഗരത്തിലെ മെട്രോ ശൃംഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
കേന്ദ്രം 50:50 എന്ന അനുപാതത്തിലാണ് ധനസഹായം നല്‍കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കർണാടകയുടെ മേല്‍ വരുന്ന യഥാർഥ സാമ്പത്തിക ബാധ്യത വളരെ കൂടുതലാണെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ആരോപിച്ചു. സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബെംഗളൂരു മെട്രോയുടെ മൂന്ന് ഘട്ടങ്ങളിലായുള്ള ആകെ ചെലവ് 77,891 കോടി രൂപയാണ്. ഇതില്‍ 65,291 കോടി രൂപയും കർണാടക സർക്കാരാണ് വഹിച്ചത്. അതേസമയം, കേന്ദ്രത്തിന്റെ വിഹിതം ഏകദേശം 12,600 കോടി രൂപ മാത്രമാണ്. കർണാടക മുടക്കുന്ന ഓരോ അഞ്ച് രൂപയ്ക്കും പകരമായി കേന്ദ്രം നല്‍കുന്നത് വെറും ഒരു രൂപ മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതില്‍ കേന്ദ്രം വഹിക്കുന്ന പങ്കിനെയും ഗൗഡ ചോദ്യം ചെയ്തു. വായ്പ തരപ്പെടുത്തി നല്‍കുന്നതിനെ ഒരു ഗ്രാന്റ് (സഹായധനം) നല്‍കുന്നതുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
“കേന്ദ്ര സർക്കാർ ഒരു വായ്പ ലഭ്യമാക്കാൻ സഹായിച്ചു എന്നതുകൊണ്ട് അവർ ഒരു ഗ്രാന്റ് നല്കി എന്ന് അർഥമാക്കാൻ സാധിക്കുമോ. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള വായ്പാ കരാറുകള്‍ക്ക് കേന്ദ്രം വഴിയൊരുക്കുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണ്. നമ്മ മെട്രോ ശൃംഖലയുടെ പ്രവർത്തന നഷ്ടം കർണാടകയാണ് വഹിച്ചുവരുന്നത്. ചെലവ് വർധന മൂലം ഉണ്ടാകുന്ന അധിക ബാധ്യതയും അവർ തന്നെ വഹിക്കേണ്ടി വരും” – എന്ന് മന്ത്രി കൂട്ടിച്ചേർത്തു.നമ്മ മെട്രോയുടെ വികസനത്തിനും വിപുലീകരണത്തിനുമുള്ള സാമ്പത്തിക സഹായം നല്കുന്നതില് കർണാടക സർക്കാർ മുൻനിരയിലാണെന്നും പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സർക്കാരിനേക്കാള്‍ കൂടുതല്‍ തുക കർണാടക സർക്കാർ മുടക്കിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി.