ബെംഗളൂരു മെട്രോ പിങ്ക് ലൈനിലെ എലിവേറ്റഡ് പാത ഉദ്ഘാടനം നവബര്‍ 13 ന്; 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യം

നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ എലിവേറ്റഡ് ഭാഗത്തിന്റെ ഉദ്ഘാടനം നവബര്‍ 13 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്.ഇതിനായി മോദി നവംബര്‍ 13-ന് ബെംഗളൂരുവിലെത്തും. പ്രധാനമന്ത്രി ബെംഗളൂരുവിലെത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’ബെംഗളൂരുവില്‍ രണ്ട് പരിപാടികളിലും മൈസൂരുവില്‍ ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തേക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക സമയക്രമം അന്തിമഘട്ടത്തിലാണ്,’ ഒരു വൃത്തം അറിയിച്ചു. കലേന അഗ്രഹാരയ്ക്കും താവരെകെരെയ്ക്കുമിടയിലുള്ള 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ എലിവേറ്റഡ് പാതയ്ക്ക്, ഒക്ടോബര്‍ 28-ന് കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി സുരക്ഷാ അനുമതി നല്‍കിയിരുന്നു.

ഇതോടെ പാതയുടെ ഉദ്ഘാടനത്തിനും വാണിജ്യപരമായ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമുള്ള വഴിയൊരുങ്ങി. കലേന അഗ്രഹാര, ഹുലിമാവു, ഐ ഐ എം ബി, ജെ പി നഗര്‍ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, രാഗിഗുഡ്ഡ, താവരെകെരെ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകള്‍ ഈ എലിവേറ്റഡ് ഭാഗത്ത് ഉള്‍പ്പെടുന്നു. നമ്മ മെട്രോയുടെ രണ്ടാം ഘട്ട ശൃംഖലയുടെ ഭാഗമാണ് പിങ്ക് ലൈന്‍.ഈ എലിവേറ്റഡ് പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ബെംഗളൂരു മെട്രോയുടെ മൊത്തം പ്രവര്‍ത്തന ശൃംഖല 96.1 കിലോമീറ്ററില്‍ നിന്ന് 103.6 കിലോമീറ്ററായി വര്‍ധിക്കുകയും, 100 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്യും. ഒക്ടോബറില്‍ തന്നെ ഈ ഭാഗം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഒക്ടോബര്‍ 6-ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.വടക്കന്‍ ബെംഗളൂരുവിലെ നഗവാരയിലേക്ക് നീളുന്ന പിങ്ക് ലൈനിന്റെ ഭൂഗര്‍ഭ ഭാഗത്ത് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

പ്ലാറ്റ്ഫോം സ്‌ക്രീന്‍ ഡോറുകള്‍ സ്ഥാപിക്കുന്നതും സിഗ്‌നലിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഭൂഗര്‍ഭ പാതയില്‍ നവംബറില്‍ ട്രയല്‍ റണ്ണുകള്‍നടത്താന്‍ പദ്ധതിയുണ്ടെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.ഈ ഭാഗം 2027-ല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂഗര്‍ഭ ഭാഗം ഉള്‍പ്പെടെയുള്ള മുഴുവന്‍ പിങ്ക് ലൈനും 2027 മെയ് മാസത്തോടെ തുറന്നുകൊടുക്കാനാണ് ബി എം ആര്‍ സി എല്‍ ലക്ഷ്യമിടുന്നത്. അതേസമയം പൊതുജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം ഉദ്ഘാടന ദിവസം തന്നെ തുടങ്ങണോ അതോ പിറ്റേദിവസം തുടങ്ങണോ എന്ന കാര്യത്തില്‍ ബി എം ആര്‍ സി എല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ, ബെംഗളൂരു സൗത്ത് എംപി എല്‍ എസ് തേജസ്വി സൂര്യ ഉദ്ഘാടന തീയതി സ്ഥിരീകരിച്ചെങ്കിലും, കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയില്ല.

Related posts

ഇൻസ്റ്റഗ്രാം തർക്കം; 17കാരനെ പെൺകുട്ടിയെ ഉപയോഗിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് സംശയം, മൂന്ന് പേർ കസ്റ്റഡിയിൽ

എസ്.ഐ.ആർ വിരുദ്ധ സമരം: കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

ഗണവേഷം ധരിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിൽ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു