ബെംഗളൂരു ഈജിപുര, യെലഹങ്ക ഫ്ലൈഓവറുകളുടെ പുരോഗതി വിലയിരുത്തി ജിബിഎ; വേഗത്തിലാക്കാൻ നിര്‍ദ്ദേശം

ബെംഗളൂരു: നഗരത്തില്‍ ഏറെ നാളായി പൂർത്തിയാകാതെ കിടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി.ഈജിപുര ഫ്ലൈഓവർ, യെലഹങ്ക ഫ്ലൈഓവർ, വിൻഡ് ടണല്‍ അണ്ടർപാസ്, ഒകാലിപുരം സിഗ്നല്‍-ഫ്രീ ഇടനാഴി എന്നിവയാണ് വിവിധ ഘട്ടങ്ങളിലുള്ള പ്രധാന പദ്ധതികള്‍. ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, ബാക്കിയുള്ള ജോലികള്‍ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.ഈജിപുര ഫ്ലൈഓവർ പരിശോധിച്ച മഹേശ്വർ റാവു, ഇന്ദിരാനഗർ റാംപിലെ വെറ്റ് മിക്‌സ് മക്കാഡം ജോലികള്‍ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. മടിവാള ഭാഗത്തെ റാംപിന്റെ നിർമ്മാണവും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെയറിംഗുകള്‍ സ്ഥാപിക്കാൻ കൂടുതല്‍ ഹൈഡ്രോളിക് ജാക്കുകള്‍ ആവശ്യമുള്ളതിനാല്‍, അവ വാടകയ്ക്ക് എടുത്ത് വൈകാതെ അവയുടെ സ്ഥാപിക്കല്‍ പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നല്‍കി.ഒകാലിപുരം എട്ട് വരി സിഗ്നല്‍-ഫ്രീ ഇടനാഴി പദ്ധതിയില്‍, റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള അപ്രോച്ച്‌ റോഡിന്റെ നിർമ്മാണം വേഗത്തിലാക്കാനും, 1200 മില്ലീമീറ്റർ വ്യാസമുള്ള മഴവെള്ള ചാലും സംരക്ഷണ ഭിത്തിയും ഉടൻ പൂർത്തിയാക്കാനും നിർദേശിച്ചു. റെയില്‍വേ പരിസരത്ത് കെട്ടിക്കിടക്കുന്ന മണ്ണ്, മാലിന്യങ്ങള്‍, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവ നീക്കം ചെയ്യാൻ റെയില്‍വേയുമായി ഏകോപനം നടത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.അതുപോലെ തന്നെ വിൻഡ് ടണല്‍ അണ്ടർപാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ മഹേശ്വർ റാവു, സംരക്ഷണ ഭിത്തിയുടെ നിർമ്മാണം തൃപ്‌തികരമായി മുന്നേറുന്നതായി വിലയിരുത്തി. ഒരു വശത്ത് ആകെ 74.23 മീറ്റർ നീളമുള്ള ഭിത്തിയില്‍ 35.23 മീറ്റർ പൂർത്തിയായിട്ടുണ്ട്.

ശേഷിക്കുന്ന ഭാഗത്തിന്റെ പകുതിയിലേറെയും നിർമ്മാണം പൂർത്തിയായതായി അറിയിച്ചു.വിൻഡ് ടണല്‍ അണ്ടർപാസിലെ എല്ലാ ബാക്കിയുള്ള ജോലികളും പൂർത്തിയാക്കി നവംബറോടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ഇത് മേഖലയിലെ യാത്ര കൂടുതല്‍ സുഗമമാക്കുകയും ആളുകള്‍ക്ക് വലിയ രീതിയില്‍ ഗുണകരമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.അതേസമയം, യെലഹങ്ക ഫ്ലൈഓവർ പദ്ധതിയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. പദ്ധതി ഏകദേശം 80 ശതമാനം പൂർത്തിയായിട്ടുണ്ടെങ്കിലും, ഒരു ഭാഗത്ത് കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലി ഇനിയും ബാക്കിയുള്ളതിനാല്‍ അന്തിമഘട്ട നിർമ്മാണം വൈകുകയാണ്. ഇതും പെട്ടെന്ന് പൂർത്തിയാക്കാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി