സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നായ സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.നഗരവാസികളെയും യാത്രക്കാരെയും വർഷങ്ങളായി വലയ്ക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം, സിൽക്ക് ബോർഡ് പ്രദേശം കൂടുതൽ മനോഹരവും കാൽനടയാത്രക്കാർക്ക് സൗകര്യപ്രദവുമാക്കുന്ന സമഗ്ര വികസന പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. ഫ്ലൈഓവറിന് താഴെ വെറുതെ കിടക്കുന്ന ഒഴിഞ്ഞ സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഇടങ്ങളാക്കി മാറ്റുന്നതും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.

ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ നേരിട്ടുള്ള പരിശോധനയ്ക്ക് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഗതാഗത നിയന്ത്രണം, കാൽനട സൗകര്യങ്ങൾ, പൊതുയിടങ്ങളുടെ വികസനം, മഴവെള്ള നിർമാർജനം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ഒറ്റ ഘടനയിലുള്ള സ്ഥിരം വികസന പദ്ധതിയാണ് തയ്യാറാക്കുന്നത്. താൽക്കാലികവും ഒറ്റപ്പെട്ടതുമായ പ്രവൃത്തികൾക്ക് പകരം ജങ്ഷന്റെ സമഗ്രമായ മാറ്റത്തിനായി പ്രത്യേക ഫണ്ട് വകയിരുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.പദ്ധതിയുടെ ഭാഗമായി സിൽക്ക് ബോർഡ് ഫ്ലൈഓവറിന് താഴെയുള്ള പ്രദേശം പൂർണ്ണമായും വൃത്തിയാക്കി ആകർഷകമായ രീതിയിൽ വികസിപ്പിക്കും. പൊതുജനങ്ങൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ, മികച്ച വെളിച്ചസംവിധാനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഇവിടെ സജ്ജീകരിക്കും.

സ്പോർട്സ് പ്രേമികൾക്കായി ത്രോബോൾ കോർട്ട് നിർമ്മിക്കുന്നതിനൊപ്പം ടേബിൾ ടെന്നീസ് അടക്കമുള്ള കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്.കൂടാതെ, ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബിടിഎം ലേഔട്ടിലേക്കുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനും പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. സമീപത്തെ മഴവെള്ളച്ചാലിന് മുകളിൽ കരുത്തുറ്റ സ്റ്റീൽ ഗ്രിഡ് സ്ഥാപിച്ച് വാഹനങ്ങൾക്ക് സുഗമമായ ‘ഫ്രീ ലെഫ്റ്റ്’ തിരിവ് ഒരുക്കുന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇതോടൊപ്പം തന്നെ കനാലിനോട് ചേർന്ന് കാൽനടയാത്രക്കാർക്കായി സുരക്ഷിതമായ പ്രത്യേക നടപ്പാത നിർമ്മിക്കാനും ആലോചിക്കുന്നുണ്ട്.

Related posts

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും