അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു

ഡല്‍ഹി: അതിരൂക്ഷ വിലക്കയറ്റവും സാമ്പത്തിക-ഊർജ പ്രതിസന്ധിയും നേരിടുന്ന ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു.അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് 500-ലധികം ഫാക്ടറികള്‍ അടച്ചു. പ്രതിഷേധം തണുപ്പിക്കാൻ വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ അറിയിച്ചു. യൂറോപ്പില്‍ ആളിപ്പടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സമാനമാണ് ബംഗ്ലാദേശിലെയും തൊഴിലാളി പ്രക്ഷോഭം. പണപ്പെരുപ്പം മൂലം ഭക്ഷണം, പാർപ്പിടം, ഗതാഗതം, ആരോഗ്യം എന്നിവയുടെ ചെലവുകള്‍ ഉയർന്ന് ജീവിത സാഹചര്യം ദുസ്സഹമാക്കിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

40 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന വസ്ത്രനിർമ്മാണ മേഖലയിലെ അടിസ്ഥാന വേതനം 30,000 ബംഗ്ലാദേശ് ടാക്ക അതായത് 23000 ഇന്ത്യൻ രൂപയാക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തൊഴിലാളികളുടെ ആവശ്യത്തോട് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ മുഖം തിരിച്ചു. ഇതോടെയാണ് പ്രതിഷേധം തെരുവിലെത്തിയത്.ധാക്കയിലും ഗാസിപ്പൂരിലും അഷുലിയയിലും റോഡുകള്‍ ഉപരോധിച്ച്‌ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വ്യാവസായിക മേഖലകളെ സ്തംഭിപ്പിച്ച്‌ പൊതുഗതാഗതം തടസപ്പെടുത്തിയും പൊലീസിനെ ആക്രമിച്ചും പ്രതിഷേധം കനത്തതോടെ പ്രതിഷേധക്കാരെ നേരിടാൻ പൊലീസും ബംഗ്ലാദേശ് ബോർഡർ ഗാർഡും രംഗത്തിറങ്ങി. പ്രതിഷേധം നേരിടാൻ കഴിയാതെ വന്നതോടെയാണ് തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കുന്നതിനായി വേജ് ബോർഡ് രൂപീകരിക്കാമെന്ന സർക്കാർ തീരുമാനം വന്നത്.

പക്ഷേ അടിസ്ഥാന വേതനം 30,000 ടാക്കയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വസ്ത്ര നിർമാതാക്കളുടെ അസോസിയേഷൻ പറയുന്നത്. എന്തായാലും ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നതും, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതുമായ വ്യവസായ മേഖലയിലെ പ്രക്ഷോഭം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.വൈദ്യുതി മുടക്കം പതിവായതോടെ വ്യവസായ ഉല്‍പാദനവും പ്രതിസന്ധിയിലാണ്. ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് മാസത്തിന് ശേഷവും ക്രമസമാധാനം, വിലക്കയറ്റം, വൈദ്യുതി-വാതക വിതരണം തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ പുരോഗതിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികള്‍ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Related posts

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

എഞ്ചിനില്ലാതെ 6 കിലോമീറ്ററോളം ഓടിയ ഏഴ് റെയിൽവേ കോച്ചുകൾ പാളം തെറ്റി; ഗേറ്റ് കീപ്പറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം