സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ; റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ ഏഴ് വരെ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകള്‍ക്ക് നിയന്ത്രണം നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും.റിയാദ്, ദമാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകള്‍ നവംബർ 7 വരെയും ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകള്‍ ഒക്ടോബർ 31 വരെയും റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു.ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സർവീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാരും ഉംറ തീർത്ഥാടകരും ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. യാത്ര മുടങ്ങിയ ഇന്ത്യക്കാർക്ക് സഹായം ഉറപ്പാക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സർവീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം നീട്ടിയതെന്ന് എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു. ഒക്ടോബർ 24നോ അതിനു മുമ്പോ ടിക്കറ്റ് സ്ഥിരീകരിച്ച യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരിച്ചുവാങ്ങുകയോ ചെയ്യാം. റിയാദ്, ദമാം നഗരങ്ങളിലേക്ക് നവംബർ ഏഴ് വരെയുള്ള തീയതികളില്‍ യാത്ര നിശ്ചയിച്ചിട്ടുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് സൗദി അറേബ്യയിലെ സർവീസ് നടത്തുന്ന മറ്റേതെങ്കിലും എയർ ഇന്ത്യ സ്റ്റേഷനില്‍നിന്ന് യാത്ര പുനഃക്രമീകരിക്കാം. സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച്‌ ഒറ്റത്തവണ സൗജന്യ ബുക്കിംഗ് അനുവദിക്കും. നവംബർ 21 വരെയുള്ള യാത്രകള്‍ക്കാണ് ഈ സൗകര്യം.

ജിദ്ദയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഒക്ടോബർ 31 വരെയുള്ള ടിക്കറ്റുകള്‍ എടുത്തവർക്കും സമാനമായ സൗകര്യമുണ്ട്. നവംബർ 14 വരെയുള്ള യാത്രകള്‍ക്കായി ടിക്കറ്റ് പുനഃക്രമീകരിക്കാം. എയർ ഇന്ത്യ എക്സ്പ്രസും സമാനമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റുകളുടെ ലഭ്യതയ്ക്കും നിബന്ധനകള്‍ക്കും വിധേയമായി സൗദി അറേബ്യയിലെ സർവീസ് നടത്തുന്ന മറ്റ് വിമാനത്താവളങ്ങള്‍ വഴിയോ ബഹ്റൈൻ വഴിയോ യാത്ര പുനഃക്രമീകരിക്കാം.ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ ഉംറ തീർത്ഥാടകരെയും പ്രത്യേക തടസങ്ങള്‍ ബാധിച്ച ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനുമായി ജിദ്ദയിലും മക്കയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍