ഭര്‍ത്താവിനെ കണ്ടെത്തണമെന്ന് ആവശ്യം; മൊബൈല്‍ ടവറിന് മുകളില്‍ കയറി ഭീഷണി മുഴക്കി യുവതി, പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം

ബെംഗളൂരു: ഭർത്താവിനെ കണ്ടെത്താൻ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഇരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം.നെലമംഗലയെ മൂന്ന് ദിവസം മുള്‍മുനയില്‍ നിർത്തിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതിയെ പൊലീസ് ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി.പാവഗഡ സ്വദേശിനി സിന്ധു എന്ന ഇരുപതുകാരിയാണ് മൂന്ന് ദിവസം ബെംഗളൂരു അതി‍ർത്തിയിലുള്ള നെലമംഗലയില്‍ പൊലീസിന് തലവേദന ഉണ്ടാക്കിയത്. ഈ മാസം ആറാം തീയതിയായിരുന്നു സിന്ധുവും ഗണേഷ് എന്ന യുവാവും തമ്മിലുള്ള വിവാഹം.

എന്നാല്‍ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം സിന്ധുവിന്റെ പെരുമാറ്റത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഗണേഷ് വീട്ടില്‍ നിന്നും പോയി. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടും ഭർത്താവിനെ കണ്ടെത്താൻ വൈകുന്നു എന്ന് ആരോപിച്ച്‌ സിന്ധു തിരക്കേറിയ റോഡിന് നടുവില്‍ കുത്തിയിരുന്നു. പൊലീസ് അനുനയിപ്പിച്ച്‌ മാറ്റും വരെ തുടർന്ന് പ്രതിഷേധം.അടുത്ത ദിവസം മകാലി ഗ്രാമത്തിലെ ഒരു മൊബൈല്‍ ടവറിന് മുകളില്‍ കയറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസുകാർ ഇവരെ താഴെയിറക്കി പാവഗഡയിലുള്ള അമ്മയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ അധികൃതരെയും നാട്ടുകാരെയും അമ്പരപ്പിച്ച സിന്ധു ഇന്നലെ വീണ്ടും മദനായകനഹള്ളിയില്‍ തിരിച്ചെത്തുകയും, അതേ മൊബൈല്‍ ടവറിന് മുകളില്‍ വീണ്ടും കയറി ഇരിപ്പുറപ്പിക്കുകയുമായിരുന്നു. ഒടുവില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ടവറിന് മുകളില്‍ കയറിയാണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്. സിന്ധുവിന്റെ തുടർച്ചയായുള്ള അസ്വാഭാവിക പെരുമാറ്റം കണക്കിലെടുത്ത്, വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമായി പൊലീസ് ഇവരെ ഇപ്പോള്‍ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം ഭർത്താവ് ഗണേഷിനായുള്ള തെരച്ചില്‍ ഊർജിതമാക്കി.

Related posts

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി