തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍

തിരുവനന്തപുരം: നഗരത്തില്‍ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച്‌ പുറത്തേക്ക് വലിച്ചിട്ട ശേഷം വാഹനം തട്ടിയെടുത്ത നാലംഗ സംഘം പൊലിസ് പിടിയിലായി.ശരത്, ചന്തു, അനീഷ്, ഗോകുല്‍ എന്നിവരെയാണ് വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും വാഹനത്തിലെ ജിപിഎസ് സംവിധാനവും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.ഞായറാഴ്ച വൈകിട്ട് കോവളം കെ.എസ്. റോഡില്‍ പൂങ്കുളത്തിന് സമീപത്തായിരുന്നു സംഭവം. വാടകയ്ക്ക് എടുത്ത കാർ ഓടിച്ചിരുന്ന പാച്ചല്ലൂർ സ്വദേശി രതീഷിനെയാണ് (36) സംഘം ആക്രമിച്ചത്. കാർ തടഞ്ഞുനിർത്തിയ പ്രതികള്‍ രതീഷിനെ മർദ്ദിച്ച്‌ പുറത്തേക്ക് വലിച്ചിടുകയും മൊബൈല്‍ ഫോണും കാറുമായി കടന്നുകളയുകയുമായിരുന്നു.

പരുക്കേറ്റ രതീഷ് ആശുപത്രിയില്‍ ചികിത്സ തേടി.ഡ്രൈവറും പ്രതികളും തമ്മിലുള്ള മുൻകാല സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി.പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലിസിന് പൂങ്കുളം ഭാഗത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. തുടർന്ന് കാറിലെ ജിപിഎസ് പരിശോധിച്ചപ്പോള്‍ വാഹനം തമിഴ്നാട്ടിലേക്ക് കടന്നതായി വ്യക്തമായി. ഉടൻതന്നെ വിഴിഞ്ഞം പൊലിസ് തമിഴ്നാട് പൊലിസിന് വിവരം കൈമാറി.തമിഴ്നാട് പൊലിസ് നടത്തിയ തിരച്ചിലില്‍ ഇരണിയല്‍ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാർ കണ്ടെത്തി. ഈ സമയം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ പോയിരുന്ന പ്രതികള്‍, തിരികെ എത്തിയപ്പോള്‍ കാറിന് സമീപം പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളായ ശരത് മധുരയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലിസ് അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ മറ്റ് മൂന്ന് പ്രതികളും പിടിയിലായി. അറസ്റ്റിലായ ശരത് കോവളം സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലിസ് അറിയിച്ചു.സംഭവം നടന്നത് തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ അറസ്റ്റിലായ പ്രതികളെ തുടർനടപടികള്‍ക്കായി തിരുവല്ലം പൊലിസിന് കൈമാറി.

Related posts

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍