മികച്ച തൊഴില്‍ സാഹചര്യങ്ങളും ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടും തന്റെ കഫേയിലെ മുഴുവൻ ജീവനക്കാരും ജോലി ഉപേക്ഷിച്ചു പോയതിനെത്തുടർന്ന്, “ജീവനക്കാരോട് ഒരിക്കലും ദയ കാണിക്കരുത്” എന്ന ഉപദേശവുമായി ബെംഗളൂരുവിലെ കഫേ ഉടമ രംഗത്ത്.നാല് വർഷം മുൻപ് ഐ ടി മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി കഫേ തുടങ്ങിയ മൃഗേഷ് ആണ് ‘മതേക ചായ് കഫേ’യുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ നിരാശ പ്രകടിപ്പിച്ചത്.ജീവനക്കാർക്ക് ഉയർന്ന ശമ്പളവും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നല്കാൻ താൻ പരമാവധി ശ്രമിച്ചിട്ടും, അതൊന്നും അവരെ സ്ഥാപനത്തില്‍ പിടിച്ചുനിർത്താൻ സഹായിച്ചില്ലെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
“എല്ലാം ചെയ്തിട്ടും എന്റെ മുഴുവൻ ജീവനക്കാരും ഓടിപ്പോയി. ഞാൻ ചെയ്ത അതേ തെറ്റ് മറ്റാരും ആവർത്തിക്കരുത്,” അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.ജീവനക്കാർക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്എട്ട് വർഷത്തിലേറെ ഐ ടി മേഖലയില്‍ ജോലി ചെയ്ത പരിചയമുള്ള മൃഗേഷ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് വ്യത്യസ്തമായ രീതിയില്‍ കഫേ തുടങ്ങിയത്. സാധാരണയായി കഫേകളിലും ഹോട്ടലുകളിലും 10 മുതല്‍ 11 മണിക്കൂർ വരെയാണ് ജോലി സമയമെങ്കില്‍, തന്റെ സ്ഥാപനത്തില്‍ അദ്ദേഹം എട്ട് മണിക്കൂർ ഷിഫ്റ്റാണ് നടപ്പിലാക്കിയത്.തൊഴിലാളികള്‍ക്ക് മികച്ച പരിഗണനയും ന്യായമായ ജോലി സമയവും നല്കുന്ന ഒരു തൊഴിലിടം സൃഷ്ടിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് മൃഗേഷ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. സൗകര്യപ്രദമായ ജോലി സമയം, ഉയർന്ന ശമ്പളം എന്നിവയ്ക്ക് പുറമെ, ജീവനക്കാർക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി സ്വന്തം കയ്യില്‍ നിന്ന് പണം നല്കി സഹായിക്കുക വരെ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നിട്ടും ജീവനക്കാർ ഒന്നടങ്കം ജോലി ഉപേക്ഷിച്ചു പോയത് തന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്നും, തൊഴിലുടമ എന്ന നിലയില്‍ പതിവിലും കവിഞ്ഞ പിന്തുണ നല്‍കിയിട്ടും ജീവനക്കാരില്‍ വിശ്വസ്തത ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി വീഡിയോമൃഗേഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാൻ മൃഗേഷ് നടത്തിയ ശ്രമങ്ങളെ ഒരു വിഭാഗം ആളുകള്‍ അഭിനന്ദിച്ചപ്പോള്‍, അധിക ആനുകൂല്യങ്ങളോ വ്യക്തിപരമായ ഔദാര്യങ്ങളോ കൊണ്ട് മാത്രം തൊഴിലുടമ-ജീവനക്കാരൻ ബന്ധം കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് മറുവിഭാഗം വാദിക്കുന്നു. തൊഴിലിടങ്ങളില്‍ പ്രൊഫഷണല്‍ അതിരുകളും വ്യക്തിബന്ധങ്ങളും തമ്മില്‍ കൃത്യമായ സന്തുലിതാവസ്ഥ പാലിക്കേണ്ടതിന്റെ പ്രാധാന്യവും പലരും ചൂണ്ടിക്കാട്ടി. മികച്ച അവസരങ്ങള്‍ക്കോ വ്യക്തിപരമായ കാരണങ്ങള്‍ക്കോ വേണ്ടി സ്ഥാപനം വിട്ടുപോകാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും, അധിക ആനുകൂല്യങ്ങള്‍ കൊണ്ട് മാത്രം ജീവനക്കാരുടെ വിശ്വസ്തത നേടിയെടുക്കാനാകുമോ എന്ന ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.