അമ്മയെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കി മണിക്കൂറുകൾക്കകം മകൻ വാഹനാപകടത്തിൽ മരിച്ചു; സായന്ത് രാജിന്റെ വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് മാങ്ങാട്ടിടം

കണ്ണൂർ: വാഹനാപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചത് കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ഒ.സിബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാം കോട്ട് ഹൗസില്‍ ജയരാജിൻ്റെയും ഒരേ ഒരു മകൻ സി.സായന്ത് രാജാണ് ( 25 ) ദാരുണമായി മരിച്ചത്.ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി- മട്ടന്നൂർ റോഡിലെ കള റോഡില്‍ വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയില്‍വെ സ്റ്റേഷനില്‍ ഇറക്കിയതിനു ശേഷം സായന്ത് രാജ് വീട്ടിലെത്തിയതിനു ശേഷം സുഹൃത്തിനെ കാണാനായി ഇരിട്ടിയിലേക്ക് പോവുകയായിരുന്നു.മടങ്ങിവരുന്നതിനിടെ മട്ടന്നൂരിനടുത്തെ കള റോഡില്‍ കാർ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു.

സായന്ത് രാജിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അഭിരാം (25) ഹൃഷി രാജ് (25) എന്നിവരെ പരുക്കുകളോടെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും സായന്ത് രാജ് അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും അമ്മയെ യാത്രയയച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് മകൻ അപകടത്തില്‍പ്പെട്ടത്. ഈവിവരം തിരുവനന്തപുരത്ത് സി.ഐടിയുസംഘടനാ പരിപാടിക്കെത്തിയഅമ്മ ബിന്ദുവിനെ ബന്ധുക്കള്‍ അറിയിക്കുകയും ഇവർ ബോധരഹിതയായി വീഴുകയുമായിരുന്നു.സംഘടനാ നേതാക്കള്‍ ആംബുലൻസ് സൗകര്യമൊരുക്കി ബിന്ദുവിനെയും കൂട്ടി കൂത്തുപറമ്പിലേക്ക് തിരിച്ചിട്ടുണ്ട്. സായന്ത് രാജിൻ്റെ ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 10 മണി വരെ വീട്ടില്‍ പൊതുദർശനത്തിന് വെച്ച ശേഷം കൂത്തുപറമ്പ് വലിയ വെളിച്ചം ശ്മശാനത്തില്‍ സംസ്കരിക്കും.

Related posts

തമിഴ്നാടിൻ്റെ എതിര്‍പ്പിനിടെ മേക്കദാട്ടു പദ്ധതിക്ക് 2,500 ഏക്കര്‍ കണ്ടെത്തി കര്‍ണാടക; അനുമതികള്‍ നേടാൻ സര്‍ക്കാര്‍ നീക്കം

ഗാന്ധി വധത്തെക്കുറിച്ചുള്ള നാടകത്തിനിടെ സംവിധായകൻ്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധം

ബെംഗളൂരുവില്‍ നിന്ന് ഗോവയ്ക്കും മുംബൈയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ്! അത്യാധുനിക സ്ലീപ്പര്‍ ട്രെയിനും ഓടിത്തുടങ്ങുന്നു