ബെംഗളൂരു: കർണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് പിക്കപ്പ് പോയിന്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവർ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തതായി പരാതി.ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഉള്‍പ്പെടെ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം അതിവേഗം വൈറലാവുകയും പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത അമർഷത്തിന് ഇടയാക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്, താൻ ബുക്ക് ചെയ്ത റാപ്പിഡോ ബൈക്ക് എത്തിയോ എന്നറിയാൻ ആപ്പില്‍ നോക്കിയപ്പോള്‍ ഡ്രൈവർ ലൊക്കേഷനില്‍ നിന്നും മാറിയതായി ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് യാത്രാകാര്യങ്ങള്‍ സംസാരിക്കാനായി യുവതി ഡ്രൈവറെ ഫോണില്‍ വിളിക്കുകയായിരുന്നു.
താൻ എത്തിയെന്നും എന്നാല്‍ പിന്നീട് അവിടുന്ന് മാറിയെന്നും ഡ്രൈവർ മറുപടി നല്കി. എന്നാല്‍ വിളിക്കാതെ എന്തിനാണ് അവിടെനിന്നും മാറിയതെന്ന് യുവതി ചോദിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ ലൈംഗിക ബന്ധത്തിന് സാധ്യതയുണ്ടോ എന്ന് ഡ്രൈവർ വളരെ മോശമായ രീതിയില്‍ തിരിച്ചു ചോദിക്കുകയായിരുന്നു.ഈ ചോദ്യം കേട്ട് അമ്പരന്നുപോയ യുവതി താൻ നേരിട്ട ദുരനുഭവവും ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോയും സഹിതം സോഷ്യല്‍ മീഡിയയില്‍ വിഡിയോ പുറത്തുവിട്ടു. പിന്നീട് പ്രതിയായ ഡ്രൈവർ തന്നെ ഫോണില്‍ വിളിച്ച് തന്റെ മോശം പെരുമാറ്റത്തിന് മാപ്പ് ചോദിച്ചതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്.ഈ വാർത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ റൈഡ്-ഹെയ്ലിങ് പ്ലാറ്റ്ഫോമായ റാപ്പിഡോ സംഭവത്തില്‍ അതിവേഗം ഇടപെടുകയും ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. യാത്രക്കാരിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളില്‍ കമ്പനി ആത്മാർത്ഥമായി ദുഃഖം രേഖപ്പെടുത്തി.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഡ്രൈവറെ സർവീസില്‍ നിന്നും നീക്കം ചെയ്തതായി റാപ്പിഡോ അധികൃതർ അറിയിച്ചു.യാത്രക്കാരുടെ വിശേഷിച്ചും സ്ത്രീകളുടെ സുരക്ഷക്കും അന്തസ്സിനും മുൻഗണന നല്കുന്നതില് യാതൊരു വിട്ടവീഴ്ചയുമില്ലാത്ത നയമാണ് കമ്പനിക്കുള്ളതെന്ന് റാപ്പിഡോ വ്യക്തമാക്കി. മോശം പെരുമാറ്റങ്ങള്‍ക്കെതിരെ കർശനമായ സീറോ ടോളറൻസ് സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കമ്പനിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ആർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. റാപ്പിഡോ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനും സുരക്ഷിതവും മാന്യവുമായ യാത്രാനുഭവം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.