ന്യൂഡല്‍ഹി: സ്ത്രീധനമായി നല്‍കുന്ന കാറിന്റെ പേരില്‍ മണ്ഡപത്തില്‍ വച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി പൊലീസ് ഉദ്യോഗസ്ഥനായ വരൻ.ഹരിയാനയിലെ സോണിപത്തില്‍ 20നാണ് സംഭവം. വരൻ കുല്‍ദീപ് ആവശ്യപ്പെട്ട കാർ ലഭിച്ചില്ലെന്നതാണ് കാരണം. ഇതിന്റെ പേരില്‍ വിവാഹസമയത്ത് ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് വരനും ഒപ്പമെത്തിയ 30ഓളം പേരും വിവാഹം വേണ്ടെന്നുവച്ച് മടങ്ങി. സംഭവത്തില്‍ വധു ഹിനയുടെ പിതാവ് സുഭാഷ് പൊലീസില്‍ പരാതി നല്‍കി.ആറുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വരന്റെ ആവശ്യപ്രകാരം 9.5 ലക്ഷം രൂപയുടെ കാർ ബുക്കു ചെയ്‌തു.
എന്നാല്‍ അത് ടാക്‌സിയായി ഉപയോഗിക്കുന്ന കാറാണെന്ന് കുല്‍ദീപ് പരിഹസിച്ചു. വിവാഹത്തലേന്ന് 13 ലക്ഷം രൂപയുടെ കാർ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതോടെ ബുക്കു ചെയ്‌തത് റദ്ദാക്കി മറ്റൊരു കാർ വാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുല്‍ദീപിനും ബന്ധുക്കള്‍ക്കുമുള്ള ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങാൻ പെണ്‍വീട്ടുകാർ 1.32 ലക്ഷത്തോളം രൂപ ചെലവഴിച്ചു. വിവാഹ ഒരുക്കങ്ങള്‍ക്കായി 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ ചെലവായെന്നും പരാതിയില്‍ പറയുന്നു. 1,200ഓളം പേർക്കുള്ള ഭക്ഷണം ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഹിന എം.എക്കാരിയും കുല്‍ദീപ് പന്ത്രണ്ടാം ക്ലാസുകാരനുമാണ്. വിവാഹാലോചന സമയത്ത് സ്‌ത്രീധനത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല.