നമ്മ മെട്രോ മാറ്റി ബസവ മെട്രോ ; ബെംഗളൂരു മെട്രോ പേര് മാറ്റുന്നു

ബെംഗളൂരു മെട്രോയുടെ പേര് മാറ്റാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നമ്മ മെട്രോ എന്നത് മാറ്റി ബസവ മെട്രോ എന്നാക്കാനാണ് നീക്കം.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പദ്ധതിയാണ് നമ്മ മെട്രോ. അതുകൊണ്ടാണ് പേരുമാറ്റത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം കൂടി തേടുന്നത്.ബസവ കള്‍ച്ചര്‍ ക്യാമ്ബയിന്‍ 2025-ന്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പദ്ധതിയായിരുന്നു എങ്കില്‍ നമ്മ മെട്രോയുടെ പേര് ബസവ മെട്രോ എന്ന് വേഗത്തില്‍ മാറ്റുമായിരുന്നു എന്നും സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നാണ് വിലയിരുത്തല്‍.12ാം നൂറ്റാണ്ടിലെ ലിംഗായത്ത് നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് ബസവണ്ണ. അദ്ദേഹത്തിന്റെ തത്വങ്ങള്‍ പഠിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. കര്‍ണാകയുടെ സാംസ്‌കാരിക നേതാവായി ബസവണ്ണയെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബസവണ്ണയുടെ അനുയായി ആണ് താന്‍ എന്നും അദ്ദേഹത്തിന്റെ തത്വങ്ങളില്‍ ആകൃഷ്ടനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബസവണ്ണയുടെ തത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലും സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുല്യത, സാഹോദര്യം, നീതി എന്നതാണ് ബസവണ്ണയുടെ സന്ദേശം. ബസവണ്ണ ജയന്തി ദിനത്തിലാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തത്. എല്ലാവര്‍ക്കും തുല്യമായ അവകാശം എന്ന ബസവണ്ണയുടെ അഭിലാഷം പൂര്‍ത്തീകരിക്കാനാണ് ശ്രമം. നിരവധി ക്ഷേമ പദ്ധതികള്‍ ബസവണ്ണയുടെ പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബസവണ്ണയുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ വയ്ക്കണം എന്ന് നിര്‍ദേശമുണ്ടായിരുന്നു. ബസവണ്ണയുടെ തത്വചിന്ത പഠിപ്പിക്കുന്നതിന് വചന സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഇത് സ്ഥാപിതമാകുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൂടി അനുമതി നല്‍കിയാല്‍ നമ്മ മെട്രോ ഇനി ബസവ മെട്രോ എന്ന് അറിയപ്പെടും.

അതേസമയം, ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ലിംഗയാത്ത് സമുദായം പലപ്പോഴും ബിജെപിയെ പിന്തുണച്ച ചരിത്രമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. മെട്രോയ്ക്ക് ബസവണ്ണയുടെ നാമകരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞാല്‍ അതും കോണ്‍ഗ്രസിന് ആയുധമാകും. അതുകൊണ്ടുതന്നെ ബിജെപി ഇക്കാര്യത്തില്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. സിദ്ധരാമയ്യയുടെ പുതിയ നീക്കം ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം ബിജെപിക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കലുമാണ്.

Related posts

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും; മാരുതി സേവാ നഗറില്‍ പുതിയ ഫ്ലൈ ഓവര്‍ വരുന്നു,436 കോടിയുടെ പദ്ധതി