‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കാണാൻ ധോണിയും കൂട്ടരും തിയേറ്ററില്‍; ആര്‍ത്തുവിളിച്ച്‌ ആരാധകര്‍

200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കാണാൻ മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമംഗങ്ങളും എത്തിയെന്ന് പറഞ്ഞാല്‍ ആരായാലും ഒന്ന് അമ്ബരക്കും.

ചെന്നൈയിലെ സത്യം സിനിമാസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാനെത്തിയ ധോണിയും സിഎസ്‌കെ ടീമംഗങ്ങളുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍. ദീപക് ചാഹർ അടക്കമുള്ള ടീമംഗങ്ങള്‍ക്കൊപ്പം സത്യം സിനിമാസില്‍ നിന്ന് പുറത്തുവരുന്ന ധോണിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നാല് ഷോകളാണ് സത്യം സിനിമാസില്‍ ഉള്ളത്.

തീയറ്ററില്‍ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. സിനിമ കഴിഞ്ഞും താരത്തെ കാണാനും ചിത്രമെടുക്കാനുമായി ആരാധകർ തീയറ്ററില്‍ തടിച്ചു കൂടിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ബോയ്‌സ് സൂപ്പർ ഹിറ്റായിരുന്നു. 50 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം കളക്‌ട് ചെയ്തത്.

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് സീസണില്‍ വിജയത്തുടക്കമിട്ടത്. വിക്കറ്റ് കീപ്പറായി ഇറങ്ങിയെങ്കിലും ധോണി ബാറ്റിംഗിന് ക്രീസില്‍ എത്തിയിരുന്നില്ല. 26-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Related posts

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു