‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ, ഇല്ലെങ്കിൽ കർണാടകയാകെ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: മലയാളികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി മുന്‍ എംപി പ്രതാപ് സിംഹ രംഗത്തെത്തിയെങ്കിലും കര്‍ണാടകയിലെ മലയാളി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നു.മലയാളികളെ ഒന്നാകെ അധിക്ഷേപിച്ചിട്ടില്ലെന്നും ഹിന്ദു സംസ്‌കാരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന സാമൂഹിക വിരുദ്ധരെയും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളെയുമാണ് വിമര്‍ശിച്ചതെന്നുമാണ് പ്രതാപ് സിംഹയുടെ വിശദീകരണം. എന്നാല്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ മലയാളി സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് ആരോപിച്ച് കുടകിലെ മലയാളി സംഘടനകള്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകമാകെ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.കുടകില്‍ നടന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മലയാളികള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍ കൈയടക്കുകയാണെന്നും ഗുണ്ടല്‍പേട്ടിന്റെ പകുതിയോളം മലയാളികള്‍ സ്വന്തമാക്കിയെന്നുമുള്ള പ്രതാപ് സിംഹയുടെ പരാമര്‍ശങ്ങള്‍.

കേരളത്തിലുള്ളത് തെങ്ങുകളും കായലുകളും മാത്രമാണെന്ന പരിഹാസവും മലയാളികള്‍ക്ക് ബുദ്ധിയുണ്ടെന്ന് പറയുമെങ്കിലും മറ്റ് സ്ഥലങ്ങളില്‍ എത്തുമ്പോള്‍ അത് കാണാനില്ലെന്ന പ്രസ്താവനയും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.വിവാദം ശക്തമായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് പ്രതാപ് സിംഹ വിശദീകരണവുമായി എത്തിയത്. തന്റെ പ്രസംഗം കോണ്‍ഗ്രസ് നേതാക്കള്‍ വളച്ചൊടിക്കുകയാണെന്നാണ് ആരോപണം. കുടകിലെ മലയാളി ഹിന്ദുക്കളെ താന്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും അവിടുത്തെ മലയാളികള്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. മുത്തപ്പനെയും ഭഗവതിയെയും ആരാധിക്കുന്ന മലയാളി ഹിന്ദുക്കളോട് തനിക്ക് എതിര്‍പ്പില്ലെന്നും വിശദീകരിക്കുന്നു.എന്നാല്‍ കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് എത്തുന്ന ചിലരുടെ പ്രവര്‍ത്തനങ്ങളാണ് താന്‍ വിമര്‍ശിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. കര്‍ണാടകയിലെ ഭൂമി, കൃഷി, വ്യാപാരം എന്നിവ കൈയടക്കുന്നതായും തദ്ദേശീയരുടെ തൊഴില്‍ അവസരങ്ങളെയും സംസ്‌കാരത്തെയും ബാധിക്കുന്നതായും ആരോപണം ആവര്‍ത്തിക്കുന്നുണ്ട്.

ഗുണ്ടല്‍പേട്ട, ഹുണസൂരു, പിരിയാപട്ടണ തുടങ്ങിയ മേഖലകളില്‍ ഇഞ്ചിക്കൃഷിക്കായി മലയാളികള്‍ ഭൂമി ഏറ്റെടുക്കുന്നുവെന്നും മൈസൂരിലെയും ബെംഗളൂരുവിലെയും വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ സ്വത്വം മറച്ചുവെച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.കേരളത്തില്‍ ആവശ്യത്തിന് വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളര്‍ത്താതെ കര്‍ണാടകയിലേക്ക് കുടിയേറുന്നത് എന്തിനാണെന്ന ചോദ്യവും പ്രതാപ് സിംഹ ഉന്നയിക്കുന്നു. കന്നഡിഗരുടെ മണ്ണും വെള്ളവും തൊഴില്‍ അവസരങ്ങളും സംരക്ഷിക്കണമെന്ന നിലപാടാണ് തന്റേതെന്നും രാഷ്ട്രീയത്തിനപ്പുറം കന്നഡ സംസ്‌കാരത്തിന്റെ സംരക്ഷകനായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.’നൂറ് വര്‍ഷമായി ഇവിടെ ജീവിക്കുന്നു; കന്നഡ സംസ്‌കാരത്തെ വളര്‍ത്തുകയാണ്’പ്രതാപ് സിംഹയുടെ വിശദീകരണത്തിനെതിരെ കുടകിലെ മലയാളി സംഘടനാ പ്രതിനിധി ശരത് കാന്ത് രംഗത്തെത്തി. ഗോണിക്കൊപ്പ മുന്‍ പഞ്ചായത്ത് അംഗവും കൊടക് ഹിന്ദു മലയാളി സമാജം ഗോണിക്കൊപ്പലിന്റെ സ്ഥാപക പ്രസിഡന്റുമാണ് അദ്ദേഹം. മലയാളികളെ പൊതുവായി അധിക്ഷേപിക്കുന്നതിനെ ന്യായീകരിക്കാന്‍ പ്രതാപ് സിംഹയ്ക്ക് കഴിയില്ലെന്നാണ് ശരത് കാന്തിന്റെ നിലപാട്.

ഏകദേശം നൂറ് വര്‍ഷം മുമ്പാണ് തന്റെ കുടുംബം ബിസിനസിനായി കുടകിലെത്തിയതെന്ന് ശരത് കാന്ത് പറയുന്നു. ഇന്നും അവിടുത്തെ സംസ്‌കാരത്തോട് ചേര്‍ന്നാണ് ജീവിക്കുന്നത്. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കുകയും കന്നഡ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നവരാണ് കുടകിലെ മലയാളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കന്നഡ സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും കന്നഡ പരിപാടികളില്‍ അതിഥിയായി ക്ഷണിക്കപ്പെടുന്ന സാഹചര്യം പോലുമുണ്ടെന്നും അദ്ദേഹം പറയുന്നു.കര്‍ണാടക തങ്ങളുടെ കര്‍മ്മഭൂമിയും കേരളം മാതൃഭൂമിയുമാണ്. മലയാളികളാണെങ്കിലും കര്‍ണാടകയുടെ ഭാഷയോടും സംസ്‌കാരത്തോടും ആദരവോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ലെന്നും ശരത് കാന്ത് വ്യക്തമാക്കുന്നു.പ്രതാപ് സിംഹയുടെ ഭാഗത്തുനിന്ന് മലയാളി സമൂഹത്തിനെതിരായ പരാമര്‍ശങ്ങള്‍ ഇത് മൂന്നാം തവണയാണെന്നാണ് ശരത് കാന്തിന്റെ ആരോപണം.

പ്രസംഗത്തില്‍ കേരളീയര്‍ എന്ന പൊതുപദം ഉപയോഗിച്ചാല്‍ അതില്‍ എല്ലാ മലയാളികളും ഉള്‍പ്പെടും. അതുകൊണ്ടുതന്നെ താന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് വിശദീകരിച്ചതുകൊണ്ട് വിവാദം അവസാനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.പ്രതാപ് സിംഹ പരസ്യമായി മാപ്പ് പറയണം. അതിനായി വാര്‍ത്താസമ്മേളനം വിളിച്ച് പ്രസ്താവന പിന്‍വലിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും ശരത് കാന്ത് മുന്നറിയിപ്പ് നല്‍കുന്നു.

പ്രതാപ് സിംഹയുടെ പരാമര്‍ശത്തിനെതിരെ ഭരണഘടനാ ദിനത്തില്‍ തന്നെ ഗോണിക്കൊപ്പ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശരത് കാന്ത് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ നല്‍കാനാണ് സംഘടനകളുടെ തീരുമാനം. അതേസമയം, പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയല്ലെന്നും മലയാളി സമൂഹത്തിന്റെയും വരുംതലമുറയുടെയും ആത്മാഭിമാനം സംരക്ഷിക്കാനാണെന്നും അദ്ദേഹം പറയുന്നു. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ണാടകയിലുടനീളം സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. വിഷയം കുടകില്‍ മാത്രം ഒതുങ്ങില്ലെന്നും മലയാളികള്‍ താമസിക്കുന്ന വിവിധ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Related posts

ബെംഗളൂരു നഗരത്തില്‍ 24 മണിക്കൂറും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമോ? ആവശ്യം ഉയരുന്നു, തടസം പോലീസോ?

ബെംഗളൂരു യാത്രക്കാര്‍ക്ക് വൻ സന്തോഷവാര്‍ത്ത! ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ നാലുവരി അടിപ്പാത തുറക്കുന്നു

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ