മഞ്ജുവാര്യരുടെ പരാതി; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ, പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ  സനൽകുമാർ  ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനൽ കുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ  സി എച്ച് നാഗരാജു സ്ഥിരീകരിച്ചു.

മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു.  സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു.  കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. 

പാറശ്ശാലയിൽ നാടകീയരം​ഗങ്ങൾ 

കസ്റ്റഡിയിലെടുക്കുന്നതിനെ സനൽകുമാർ ശശിധരൻ ചെറുത്തു. തുടർന്ന് നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനൽകുമാർ പ്രതിഷേധിച്ചത്. ഫേസ്ബുക്ക് ലൈവ് നൽകുകയും ചെയ്തു. പൊലീസുകാർ എത്തിയത് സ്വകാര്യവാഹനത്തിലായതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. 

‘എനിക്ക് വധ ഭീഷണിയുണ്ട്, പൊലീസ് പ്രൊട്ടക്ഷൻ വേണം. കേരള സ്റ്റേറ്റിലെ ഒരു വിങ് എന്നെ കൊല്ലാൻ നടക്കുകയാണ്, എന്താണ് എനിക്കെതിരായ കേസെന്ന് അറിയണം’ എന്നൊക്കെ പറഞ്ഞായിരുന്നു പ്രതിഷേധം. 

മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ വീട്ടുതടങ്കലിലാണെന്നും ആരോപിച്ച് സനൽകുമാർ ശശിധരൻ കഴിഞ്ഞയാഴ്ച ഒരു പേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ ചർച്ചയായതാണ്. മഞ്ജുവിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് രണ്ട് മാനേജർമാരാണെന്നും മറ്റുമുള്ള കാര്യങ്ങളാണ് സനൽകുമാർ പോസ്റ്റ് ചെയ്തത്. ഇതിനെല്ലാം പിന്നാലെയാണ് മഞ്ജുവാര്യർ കഴിഞ്ഞ ദിവസം നേരിട്ടെത്തി പരാതി നൽകിയത്. അപ്പോഴും സനൽകുമാർ പറയുന്നത് പരാതി നൽകിയത് മഞ്ജുവാണെന്ന് തനിക്ക് വിശ്വാസമില്ല എന്നാണ്. 

Related posts

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

250 മീറ്റര്‍ ഉയരം, 600 കോടി ചെലവ്; ബെംഗളൂരുവില്‍ സ്കൈഡെക്ക് ഉയരും, പദ്ധതി ബെംഗളൂരു മൈസൂരു റോഡിന് സമീപം

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്