ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി സർക്കാർ ജീവനക്കാർക്കിടയില്‍ കാർ പൂളിങ് പ്രോത്സാഹിപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു.ഓരോരുത്തരും വെവ്വേറെ വാഹനങ്ങളില്‍ ഓഫീസിലേക്ക് വരുന്നതിന് പകരം, ഒരേ പ്രദേശത്തുള്ളവർ ഒരുമിച്ച് ഒരു കാറില്‍ യാത്ര ചെയ്യുന്നതിലൂടെ നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. ബെംഗളൂരുവില്‍ നിരവധി സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഉള്ളതിനാല്‍ ഈ പദ്ധതി വലിയ വിജയമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ഇതിനായി നിലവില്‍ സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ‘കർത്തവ്യ’ മൊബൈല്‍ ആപ്പില്‍ കാർ പൂളിങ്ങിനുള്ള പ്രത്യേക സൗകര്യം കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കും. ഒരേ റൂട്ടില്‍ യാത്ര ചെയ്യുന്ന ജീവനക്കാർ ഒരുമിച്ച് യാത്ര ചെയ്യുന്നതിലൂടെ ഇന്ധനച്ചെലവ് പങ്കിടാനും വ്യക്തിഗത യാത്രാച്ചെലവ് കുറയ്ക്കാനും സാധിക്കും. ഗതാഗതസ്തംഭനം കാരണം ചെറിയ ദൂരം സഞ്ചരിക്കാൻ പോലും വലിയ ഇന്ധനച്ചെലവ് വരുന്ന ബെംഗളൂരുവില്‍ ജീവനക്കാർക്ക് ഇത് വലിയൊരു സാമ്പത്തിക ആശ്വാസമാകും.ഓരോ റൂട്ടിലും കാർ പൂളിങ്ങിന് തയ്യാറായിട്ടുള്ള വാഹനങ്ങളുടെ വിശദാംശങ്ങള്‍, കാറുടമയുടെ വിവരങ്ങള്‍, സഹയാത്രികർ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാൻ സാധിക്കുന്ന തരത്തിലായിരിക്കും പരിഷ്കരിച്ച ആപ്പിന്റെ പ്രവർത്തനമെന്ന് അധികൃതർ വ്യക്തമാക്കി.